കനലോരം പറ്റി വളർന്നൊരുവൾക്ക്
കണവന്റെ കണ്ണിലെ തീ ഭയമത്രേ...
കെട്ടുകഴിഞ്ഞ പുതുമണം മാറും മുൻപ്-
കണ്ണിലെപ്രേമമൊരു ശ്വേതബിന്ദുവിൽ-
തെളിഞ്ഞ രാത്രി, തൊട്ടവൾക്കു കണവന്റെ
തെളിയാത്ത പുഞ്ചിരികൾ ദുഃസ്വപ്നമായിരുന്നു.
തീപാറും നോവുയരു, മാർത്തവ സമയത്തയാളുടെ
തീ കെടുത്താത്തിൽ തുടങ്ങിയതാണവന്റെ താണ്ഡവം..
കല്ലുതടഞ്ഞു വീണ, യമ്മയുടെ മുറിവോർത്തു
കഷണം മുറിക്കുന്നതിനിടയിൽ
തീയാളിയൽപം വേവ് കൂടിയതിൽ പിന്നെ
യാളിപ്പടർന്ന തീയണഞ്ഞതില്ല യവളുടെ കണ്ണീരും.
കനലോരം പറ്റി വളർന്നവൾക്ക്
കണവന്റെ കണ്ണിലെ തീ ഭയമത്രേ...
ആളിപ്പടർന്ന തീയവളെ ചാരമാക്കി വെറും-
അശുവാക്കി മാറ്റുമെന്നറിഞ്ഞ നിമിഷം മുതൽ,
പണ്ട്,
സദാചാരാഗ്നി വേലികളിൽ ഉരുകിയ സ്വാതന്ത്രവും
പെണ്ണെന്നും പറഞ്ഞു പിറകോട്ടടിച്ച
കൈദൂരത്തു നിന്നു കരിഞ്ഞകന്ന നേട്ടങ്ങളും
പിന്നെയോരോ ഇടവേളകളിലഗ്നിപോൽ വന്നു-
മനസ്സിനെയുരുക്കി മെരുക്കിയ വസന്തവും
എല്ലാം ചേർന്നൊരു തീയവളുടെ കണ്ണിലുദിച്ചു.
അന്നയാൾ അഗ്നികുണ്ഡമായിരുന്നു.
അവളോ...
സഹസ്രാഗ്നികുണ്ഡങ്ങളുയിർക്കൊള്ളുന്ന
സത്യവും,
അങ്ങനെ അയാൾ അവൾക്കുള്ളിൽ
അലിഞ്ഞില്ലാതെയായി..