എഴുതുവാനെന്തിനു
തൂലിക, വരയ്ക്കുവാൻ
ചായങ്ങളെന്തിന്, ചമയങ്ങളും;
നീയൊരുമാത്രയെൻ
ചാരേയിരുന്നെങ്കിൽ!
എവിടെനിന്നെങ്ങനെ
വന്നു നീ;
പിന്നെയെവിടേക്കു
മറഞ്ഞങ്ങു പോയതും?
നിൻനിനവു മാത്രമെൻ
മനമിതിൽ ബാക്കിയായ്!
ജാലകങ്ങളിൽ
വന്നു മുട്ടുന്നു
മന്ദമാരുതൻ പോലും;
നിന്റെയനുവാദം വാങ്ങിമാത്രം
ഉള്ളിലണയാനായ്...
നിന്റെ മന്ദസ്മിതം,
ചാരു ചേതോഹരം;
കല്പനാ കുസുമങ്ങൾ
കോർത്ത മലർമാല്യങ്ങൾ
ഒക്കെയണിഞ്ഞു ഞാൻ
വന്നിരുന്നെങ്കിലും
കാണാൻ കഴിഞ്ഞില്ല
നിന്റെ നിഴലെപ്പോലും!
എന്റെ സ്വപ്നത്തെക്കാ-
ളെത്രയോ വലുതായ
കോട്ടവാതിൽ കൊട്ടി-
യടച്ചു നീയെങ്കിലും,
തപ്ത നിശ്വാസങ്ങ-
ളൊന്നുരണ്ടെങ്കിലും
നിന്നെ പുല്കാനായ് ഞാ-
നകത്തുവച്ചു പോന്നു!