(Madhavan K)
നീ വസിച്ചൊഴിഞ്ഞ
വാസഗേഹത്തിൽ,
ഞാനും വസിച്ചെടോ
വ്യസനമില്ലാതെ.
നീ ചെന്ന ഭൂവിങ്കൽ
ഞാനും ജനിച്ചു,
നീയെൻ്റെ മുൻഗാമി
ഞാനന്നേ പിൻഗാമി.
നീ മടിയിൽ വളരവേ
ഞാൻ മാറിൽ വളർന്നു,
അമ്മ തൻ വാത്സല്യം
അന്നേ പകുത്തു.
നീയന്നു കരഞ്ഞപ്പോൾ
ഞാനൊപ്പം കരഞ്ഞു,
അമ്മയുടെ ശാസന
വാത്സല്യത്തണലിൽ.
നീയന്നു കലിപ്പോടെ
എൻ മുഖം നോക്കി,
ഞാനായി നിന്നുടെ
പുതുപുത്തൻ ശത്രു.
നിൻ മടിയിലേറവേ
ഞാനൊന്നു ചിരിച്ചു,
നിന്നെ നനച്ചപ്പോൾ
ഞാനും നനഞ്ഞു.
നിന്നുടെ മേലാകെ
മൂത്രം മണത്തു,
അമ്മേയെന്നൊരു വിളി
നിലവിളി പോൽ കേട്ടു.
അമ്മ ചിരിച്ചപ്പോൾ
നീയും ചിരിച്ചു,
നിൻ്റെ ചിരി കണ്ടു
ഞാനും ചിരിച്ചു.
നീ വസിച്ചൊഴിഞ്ഞ
വാസഗേഹത്തിൽ,
ഞാനും വസിച്ചെടോ
നിന്നനുജനാകാൻ.