അമ്മയാണവ,ളീശ്വരാവതാരവും,
അംബരത്തിൽ വിളങ്ങും താരവും,
അങ്കണത്തിൽ വടക്കേകിഴക്കായ് തീർത്ത
അന്ധുവും, പൂത്തുലഞ്ഞ നെല്ലിയും.
അന്നമാണ,ന്ധകാരം തൂത്തെറിയും തീ,
ആദ്യമോ കയ്പ്പവൾ പിന്നിനിപ്പം,
താളഭംഗം വരാത്തേഴുസ്വരങ്ങളും,
തീണ്ടായ്മ തീർക്കുന്ന നല്ലൗഷധം,
തക്ഷശിലയും, നളന്ദയും, നാവിൽ നി-
ന്നിറ്റിറ്റു വീഴുന്ന തേൻകണവും.
രത്നത്തെക്കാൾ മൂല്യമുള്ളവൾക്കോ വലം-
കൈയമൃതും ഇടങ്കൈയാദരം,
ശിരസ്സിന്നഴകൂറും മാല, കഴുത്തി-
ന്നിണങ്ങും പതക്കം, കണ്ഠഭൂഷാ.
സ്വന്തമാക്കിയെന്നാൽ ജീവവൃക്ഷമവൾ,
സന്താപമാറ്റുന്ന മന്ദഹാസം,
ഏതുദൈത്യനേയും സുരനാക്കും മന്ത്രം,
ഏകാന്ത നേരത്തെ കൂട്ടുകാരി,
എന്നെ ഞാനാക്കി ഞാൻ ഞാനെന്ന ഭാവത്തെ
എയ്തുവധിച്ചേകി ഓകമവൾ.
ചന്തമേറും കോട്ടമേൽ നിന്നവൾ ചൊല്ലും
ചന്തസ്ഥലത്തു നിന്നുച്ചത്തിലായ്,
പട്ടണാത്മാവിൽ നിന്നവളുദ്ഘോഷിക്കും
പട്ടടാഗ്നിക്കൂന തന്നിൽ നിന്നും:
"ഭോഷരേ! എത്രനാളുറങ്ങും കൂസാതെ
ഭോഷത്തശയ്യയിൽ; ഉണർന്നാലും.
സ്വീകരിക്കൂ! വേളിയായലളെ, തൊടൂ
സീമന്തരേഖയിൽ സീമന്തകം."
* (കടപ്പാട് : സുഭാഷിതങ്ങൾ1; 3; 4; 5; 6 എന്നീ അദ്ധ്യായങ്ങൾ)