ഇവിടെ ഞാൻ
എന്റെ മരണം കുറിച്ച
തൂലികയെ
സമർപ്പിക്കുന്നു.
കാല്പനികതയുടെ
ചിറകിൽ
പുകഴ്ത്തപ്പെട്ട നിത്യതയിൽ
ഞാൻ
കലഹം പ്രഖ്യാപിക്കുന്ന
യൗവ്വനം
ശിഥിലമായ ഒരലർച്ചയുടെ
നേർത്ത
ശബ്ദം ഭൂമിയെ
പിളർത്തുമോ?
വിഹ്വലമായ നിമിഷങ്ങൾ
ശൂന്യതയുടെ സ്ഫുരണങ്ങൾ
ചുറ്റുപാടുകളിൽ കണ്ട
വാടിയ
മുഖങ്ങളിലായിരുന്നു
മേഘങ്ങളുടെ ഛായയിൽ
മന്ദഹസിക്കുന്ന
ബാഷ്പകണങ്ങളിൽ
എന്റെ കണ്ഠമിടറിയ ചിലമ്പൽ
മരണപ്പെട്ടയാൾക്കുവേണ്ടി
ഉന്മാദം പിടിപെട്ടവന്റെ
വരണ്ട ശബ്ദത്തിന്
വാൾതാലപ്പിന്റെ
മൂർച്ചയുഉണ്ടായിരുന്നു
സ്വപ്‌നങ്ങൾ വിതക്കുകയും
കൊയ്യുകയും ചെയ്ത കാലം
എവിടെയോ
അസ്തമിച്ചു
കഠിനമായ ഇടി മിന്നലിൽ
അബോധത്തിന്റെ
ചീളുകൾ
ഭയം ത്രസിക്കുന്ന ഹൃദയം
ചോദിക്കുന്നു
ഇനിയാര്
എന്റെ ചിന്തയുടെ മൗനത്തിൽ
അടയിരിക്കുന്ന ഇരുണ്ട
നേരത്തേക്കുറിച്ച്
ഉറവ വറ്റിത്തീരുന്നതിനു
മുമ്പുള്ള നീർത്തുള്ളിയായി
നീ പറഞ്ഞുകൊള്ളുക
എന്നെ ഉണർത്തുന്ന
ജീവിത വസന്തം
എന്നും പുൽകുന്നത്
ഇഷ്ടങ്ങളെയാണ്...
എന്റെ മാത്രം.
ഇഷ്ടങ്ങളെ!