(ഷൈലാ ബാബു)
ആരോ കുറിച്ചിട്ട ജാതകച്ചിന്തുകൾ,
ആത്മാവിൽ നീറും കനലുകളായ്!
ചന്ദനമണമേറ്റു നെയ്ത മോഹങ്ങളും,
കരിയിലക്കാറ്റിൻ ചിറകിലായി!
കെട്ടിപ്പിണയും ദശാസന്ധിയാകവെ,
ജന്മദോഷത്തിൻ പ്രതിസ്ഫുലിംഗം!
മംഗല്യഭാഗ്യം പടികടന്നീടവേ,
മധുരസ്വപ്നങ്ങളൊലിച്ചുപോയി!
ആദ്യാനുരാഗത്തിൻ താമരപ്പൊയ്കയിൽ,
ആശ്ലേഷമലരായ് മധു ചൊരിഞ്ഞു!
ഒരു പ്രേമലതയായ് ചുറ്റിപ്പടർന്നിടാ-
നെത്രയോ രാവിൽ കൊതിച്ചിരുന്നു!
മനതാരിലിന്നുമാ, തേനൂറുമോർമകൾ,
കുളിരുള്ള,സമ്മാന നിമിഷങ്ങളും!
ആനന്ദ സാഗരതീരത്തൊരു ദിനം,
അധരാമൃതത്തിൻ രുചിയറിഞ്ഞു!
ഒരു പകൽക്കിനാവിലരികിലണഞ്ഞവൻ,
ഒരു ശ്യാമമേഘമായ് പൂണു നിന്നു!
അനിർവചനീയമാമനുഭൂതി ലഹരി-
യായന്തരംഗത്തിൽ പടർന്നിറങ്ങി!
കനവിന്റെ ഓമനപ്പീലികൾ വാടവേ,
കദന കാളിന്ദിയിൽ മുങ്ങി നീന്തി!
അകലെയായൊഴുകുന്ന പ്രണയനദിയിലെ,
മൂഢസ്വർഗത്തിൻ മടിയിലായി!
പൂക്കാത്ത വാസന്ത ശോകനക്ഷത്രമായ്,
മൗനത്തടവറ പൂകി നിന്നാൾ!
ഒരു രാഗമേഘമായ് തഴുകിത്തലോടിടാൻ,
ഒരു മഴത്തുള്ളിയായലിഞ്ഞുചേരാൻ!
കതിരിടുന്നൊരുപിടിസ്വപ്ന, പ്രതീക്ഷകൾ,
സ്വയംവരപ്പന്തലായണിഞ്ഞൊരുങ്ങി..!