വാതിലുകൾ, വാതായനങ്ങൾ
എല്ലാം കൊട്ടിയടച്ചിരിക്കുന്നു...
ഊഷ്മാവ് കൂടുകയും
ശരീരം തളരുകയുമാണ്
ഹൃദയത്തിന്റെ സ്പന്ദന താളത്തിൽ
കൊതുവിന്റെ മൂളി പറക്കലിൽ
ലോകം ഇത്തിരി വട്ടത്തിനിടയിൽ
ഒതുങ്ങിയിരിക്കുന്നു , ഒതുക്കപ്പെട്ടിരിക്കുന്നു...
ഇന്നലെ വരെ ലോകം എൻ്റെ കൈ-
കുമ്പിളിൽ ആയിരുന്നുവോ?
പലരെ പോലെ ഞാനും അങ്ങിനെ
അഹങ്കരിച്ചിരുന്നുവോ ?
ആകാശത്തിന് കീഴിൽ എല്ലാം
എന്നരികിൽ ആയിരുന്നുവല്ലോ...
തലയ്ക്കു മുകളിൽ ചിലന്തികൾ വല നെയ്യുന്നു,
ചെറു പ്രാണികൾ കുരുങ്ങുന്നു....
അടഞ്ഞു കിടക്കുന്ന വാതിൽ പഴുതിലൂടെ
ശുഭ്ര വസ്ത്രധാരികൾ കടന്നു വരുന്നു...
പരിചിത മുഖങ്ങൾ, കണ്ടു മറന്ന മുഖങ്ങൾ
ശേഷൻ കെട്ടി പതിനഞ്ച് നാളുകൾ
നമുക്ക് വേണ്ടിയിരുന്നവൻ... ഇവൻ
ശേഷ ക്രിയകൾ വരെ നമുക്കായി
വൃതമെടുത്തിരുന്നവൻ
ഇവൻ, ഇവന് വേണ്ടി സ്വയം
അടയിരുക്കുമ്പോൾ, ഹാ..കഷ്ടം...
നമ്മൾ മുമ്പേ പോയവർ എത്ര ഭാഗ്യവാൻമാർ..
ഒരാൾ താളത്തിൽ ചൊല്ലി
നിഴലുകൾ ഏറ്റു ചൊല്ലി, പിന്നെ
എനിക്ക് ചുറ്റും നിഴലാട്ടമായി
എൻ്റെ ഹൃദയ താളം ഉച്ചസ്ഥായിലായി
കണ്ണുകളിൽ നിറയുന്ന ഇരുളിൽ
ഞാൻ തിരിച്ചറിയുന്നു....
എൻ്റെ ലോകം ഈ നിഴലുകൾ-
ക്കിടയിലേക്ക് ഒതുങ്ങുകയാണ്
ചിലന്തി വലകളിൽ കുരുങ്ങുന്ന
ചെറുപ്രാണികളെപ്പോലെ...