ഇന്നലെയാണ്
ചൂടുപിടിച്ച വാഗ്വാദങ്ങൾക്കിടയിൽ
നീ ചുണ്ടിൽ വിരൽ ചേർത്ത് എൻ്റെ നേരെ നോക്കിയത്.
ഒരുമാത്ര, ഞാനും നിന്നെത്തന്നെ നോക്കി.
നിൻ്റെ താടിയിൽ വെള്ളിനരകൾ വീണിരുന്നെങ്കിലും
മിഴികൾ യൗവനത്തിന്റെ തീക്ഷ്ണതയിൽ ജ്വലിച്ചിരുന്നു.
നീ ചുണ്ടിൽ നിന്നും വിരലകറ്റിയപ്പോൾ
ഞാൻ കരുതി എനിക്കായി ഒരു ചുംബനം എറിഞ്ഞു തരികയാണെന്ന്.
ഒരുപക്ഷേ എന്റെ മനസ്സത് കൊതിച്ചിരിക്കാം.
എന്നാൽ തിരിഞ്ഞു നോക്കാതെ നീയെന്നെ കടന്നു പോയപ്പോൾ
ഞാൻ നമ്മുടെ കുട്ടിക്കാലമോർത്തു.
തൊടിയിലെ ചക്കരമാവിന്റെ തുഞ്ചത്ത് കയറിയിരുന്നു
പഴുത്ത മാമ്പഴം നീ കാരിത്തിന്നപ്പോൾ
താഴെനിന്ന് ഞാൻ കൊതിയോടെ കൈനീട്ടി.
നീയെന്നോട് കെറുവിച്ച്
മാവിൻ കൊമ്പിലിരുന്ന് കാലാട്ടി.
മാമ്പഴം കിട്ടാത്ത ദേഷ്യത്തിന് ഞാൻ ഉറക്കെ വിളിച്ചു കൂവി.
അന്നേരം നീ മാവിൽനിന്നും ഊർന്നിറങ്ങി ഓടി.
പോകുന്ന പോക്കിൽ നീയെൻ്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.
മാമ്പഴത്തിന്റെ മണമുള്ള ചുണ്ടുകൾ.
ഞാൻ കരുതി നീയെന്നെ ചുംബിക്കാൻ വരികയാണെന്ന്.
പക്ഷേ നീ പറഞ്ഞു,
"പോടി പൊട്ടിക്കാളി"