മലയാള മണ്ണിൻ മാറു പിളർന്നൊഴുകിയാകണ്ണീർ-
സരിത്തൊരു സാഗരമായുള്ളിലിരമ്പി
പതയ്ക്കുന്നാക്കടലുള്ളിൽ ഇരയ്ക്കു,ന്നൊരുതുള്ളിയെൻ
ബാഷ്പാംബു വീണുടഞ്ഞതിൽ എങ്ങോ മറഞ്ഞു
എന്നെ നൊമ്പരത്തിൻ വേരിൽ പിടിപ്പിച്ച സാത്വികന്റെ
ഓർമ്മനീരൊട്ടുലരുന്നില്ലി,ന്നുമോർക്കുമ്പോൾ
പഴങ്കഥക്കെട്ടിലെങ്ങോ എൻ ഹൃദയമുടക്കുന്നു
പഴക്കമില്ല!ണിയിടുന്നക്ഷരപ്പട.
ഊന്നുവടി, വട്ടകണ്ണാട, ർദ്ധനഗ്നമേനിയില്ല
ഊർന്നുപോകാത്താദർശവും ആൾകളുമുണ്ട്.
ജ്ഞാന-ഭക്തി-കർമ്മയോഗേ അക്ഷയവടമാ,യതിൻ
ഞാന്നുനില്ക്കും കനിവൂറും ശിഖരങ്ങളിൽ
പറന്നെത്തി മലമുഴക്കിവേഴാമ്പൽ കൂടൊരുക്കി
പക്വസ്വപ്നകോശങ്ങളിൽ അടയിരുന്നു.
കൗതുകത്താലേതു പൈതൽ കല്ലെറിഞ്ഞാ ചില്ലയൊന്നിൽ?
പഴങ്കഥക്കൂടുലഞ്ഞേ! കനവുടഞ്ഞേ!
കനിവിന്റെ നിറമുള്ള ഹൃദയവും പുഞ്ചിരിയും
കണ്ടുറഞ്ഞ ലോകം നെഞ്ചിൽ കുടിയിരുത്തി
പരിഭവം, പരിദേവം, തേങ്ങൽ തീർത്ഥജലം പോലെ
എന്തുമേതുമോർക്കാതെല്ലാം ആചമിച്ചയാൾ
സർവ്വവേദസ്സാത്മദർശം, വേദപ്രമാണദ്വയാമൃത്
വേദവാക്യമാക്കിയെന്നും "നിർമ്മലസ്വരം"
തുറന്നിട്ട വാതിലിലൂടെത്ര ശ്രുതിതരംഗങ്ങൾ
സാഫല്യധീയിലടിഞ്ഞേറ്റേഴു സുകൃതം
നടക്കുമ്പോൾ നടക്കുമൊപ്പമുറങ്ങുമ്പോളുറങ്ങും
ഇന്ദുപോലനുയാത്ര ചെയ്തായിരമൊപ്പം
മനുകുലത്തിരയിലെട്ടുദിക്കുമൊഴുകീ സർമ്മം
തണലായുമഗ്നിയായും ഈരേഴുലകം
ആൾത്തിരയിൽ വയോമിത്രം, അമ്മ, കുഞ്ഞ,നുജത്തിയു-
ണ്ടഗ്രജ,നന്ധമുടന്തർ, സുരനസുരർ
മുഖഭാവമല്ലയുള്ളിൻ ഭാവം നോക്കി, കാണം വിറ്റും
നമുക്കോണ സുദിനങ്ങൾ തിരികെ നല്കി
മണ്ണിലുറങ്ങുന്ന നേരം കൈകൾ ശൂന്യമായിരിക്കും
മറന്നേയില്ലൊന്നുമൊന്നും കീഴടക്കീല്ല
എങ്കിലുമെന്നാത്മശിഖാഗ്രത്താറ്റക്കിളിക്കൂടുപോൽ
ഊയലാടുന്നക്ഷയരൂപമോർമ്മക്കാറ്റിൽ
എങ്ങുമേതോ ചെടിത്തുമ്പിൽ തങ്ങിനിന്നയാനിശ്വാസം,
പുതുപ്പള്ളീലൂർദ്ധ്വശ്വാസം വരച്ചെടുത്തു
നിശ്ചലനായവൻ പോകേ കണ്ടുനിന്ന സാധുജനം
കണ്ണുനീരാലെത്ര കാവ്യം ചൊല്ലിനടന്നു.
ഓർമ്മനീരുവറ്റും വരെം, ഓർമ്മമഴ മായും വരെം
നിലയ്ക്കാതെയൊഴുകുമീയക്ഷരപ്പുഴ