ഞാനില്ലായ്മയിൽ നീയില്ലയെന്നതു പോലെനീയില്ലായ്മയിൽ ഞാനുമില്ലെന്നവന്റെ വാക്കുകളിലുന്മാദം കൊണ്ടവൾ കണ്മണിയാൾ
പതിതൻ മരണാനന്തരം നിമിഷങ്ങൾക്കകം പത്നീ മരണ വാർത്ത കേട്ടൊരു നാളിൽ ഞാനുമെൻ പതിയുമിങ്ങനെയാകുമെന്നാഗ്രഹത്തോടോതിയ പെണ്മണിയാൾ
ദേഹിയകന്നാലുമെൻ പതിയെയോർത്തെന്റെ കണ്ണടയില്ലെന്നാർത്തു വിളിച്ചവൾ പൊന്മണിയാൾ അവളുടെമൃത്യുവിത്തിന്നേഴാം നാളിലായ് തുണക്കായൊരുവളെ തേടിയ വനിറങ്ങിയത്രെ
ഒറ്റക്കവനെങ്ങനെ ജീവിക്കുമെന്നവളെ ജീവനായവരും സഹതപിച്ചത്രെ.........മരിച്ചിട്ടും മറയാതെ തനിച്ചാക്കാൻ മടിച്ചൊരാത്മാവാ നാളിൽ തേങ്ങിയത്രെ
ആരുടെയൊക്കെ ആരൊക്കെയായാലും ആരും ആരുടെയും ആരുമല്ലെന്ന സത്യമാത്മാവിനു മുന്നിലായ് പല്ലിളിച്ചത്രെ...
ദേഹമുണ്ടെങ്കിലേ ദേഹിയുമുള്ളെന്നും അരൂപിയാമാത്മാവിനെയാവശ്യമില്ലെന്നുംപൊള്ളയാം വാക്കുകളിലെയർത്ഥം തേടരുതെന്നും യാഥാർത്ഥ്യമവളെ ബോധിപ്പിച്ചത്രെ
ഞാനില്ലെങ്കിൽ ഞാൻ മാത്രമേയില്ലാതാകുന്നുള്ളെന്ന ചിന്തയിൽ തിരിഞ്ഞു നടന്നാൾ അദൃശ്യയായൊരാ പാവം ഓമലാൾ