മനോഹരമായ ചില മറവികളുണ്ട്.
ഓർക്കുന്ന അതേ നിമിഷത്തിൽത്തന്നെ
മറന്നുപോകുന്നവ.
ചവിട്ടിയരയ്ക്കപ്പെട്ട
പുൽക്കൊടികൾ നിമിഷാർദ്ധത്തിലാണത്
മറന്നു കളയുന്നത്.
അടുത്ത മഴയിൽ
പിന്നെയുമത് തല നീട്ടും.
പുഴ വറ്റിയപ്പോൾ ശ്വാസം മുട്ടിയത്
ഒരു മഴവരെയേ
മീനുകൾ ഓർത്തിരിക്കാറുള്ളൂ.
പുതുവെള്ളത്തിൽ മുങ്ങിത്തുടിക്കുമ്പോൾ
ഇതുവരെയുണ്ടായ
എല്ലാ കിതപ്പും പിടച്ചിലും
അവ മറന്നുപോകും.
.....
അതെ,
ചില മറവികൾ നല്ലതാണ്.