കാടുകയറുന്ന നീറും നിനവുക-
ളങ്കലാപ്പിന്റെ കുമിളയായുതിരുന്നു!
വിഘ്നങ്ങളോരോന്നു വന്നുചേർന്നിങ്ങനെ,
ആരോ മുറുക്കിയ കുരുക്കിൽ പിടഞ്ഞു ഞാൻ!
നോവുമെന്നിടനെഞ്ചിലിറ്റിറ്റു വീഴു-
ന്നനിതരവിഷാദ മൂകരേണുക്കളായ്!
തിളയ്ക്കുമെൻ ഹൃദയതാപത്തിനുള്ളി-
ലാശാമുകുളങ്ങളൊക്കെ കരിഞ്ഞുപോയ്!
ഇടവഴി,യിടങ്ങളിലിരുളിലായകലുന്ന,
ബന്ധുക്കളിന്നെന്റെ ശത്രുക്കളായെന്നോ?
ദുരഭിമാനത്തിലപ്രിയസത്യങ്ങളഖിലവു-
മുൾക്കൊള്ളാനാവാതെ പോയവർ!
കാലമിന്നോതിയ കദനകാവ്യത്തിലെ,
നഷ്ട പ്രണയക്കസവിനാൽ തുന്നിയ
ചേലതന്നുള്ളിലെ മാരിവിൽ വർണങ്ങ-
ളുൾപ്പൂവിൽ വീണ്ടും വസന്തമായോ!
വെയിലേറ്റുവാടിയ പുൽനാമ്പുപോ-
ലിന്നാടിത്തളർന്നു ചിറകറ്റു വീഴവേ,
തിരശ്ശീലയ്ക്കപ്പുറമുയരുന്നൊരാരവ-
മട്ടഹാസങ്ങളായ് കാതിൽ മുഴങ്ങുന്നു!
ധരയുടെ മാറുപിളർന്നതിലമർന്നിടാൻ
വാഞ്ഛിച്ചുപോയെന്റെ മുറിവേറ്റ ഹൃത്തടം!
അപശ്രുതി മീട്ടുന്നൊരോടക്കുഴലായിന്നീ-
യേകാന്തവീഥിയിലിടറുന്നെൻ മാനസം!
പറന്നുയർന്നീടുവാൻ ചിറകുമുളച്ചെങ്കി-
ലെന്നതിമോഹമാനസമൊരു മാത്ര
കൊതിച്ചു പോയ്, വാരിധിയേഴിനും മീതേ പറന്നതിവേഗേന
കരിമുകിൽ മാലികയ്ക്കുള്ളിലലിഞ്ഞിടാൻ!
അഴലേറും വാസത്തിനുള്ളിൽ ഞെരുങ്ങി-
യിന്നടരാടാനശക്തയായനുദിനം തളരവേ,
സന്തതമെന്നുള്ളമൽപ്പം തണുപ്പിക്കാ-
നായെൻ പ്രതിച്ഛായയല്ലാതെ മറ്റാരുമില്ലയേ..!