കത്തിപ്പടരും കനലിന്നൊരു തരി-
യിവിടെത്തിരയുക,
ഊതിവളർത്തി, കദനക്കടലിൽ
മാർഗസ്തംഭമൊരുക്കുക.
പകയുടെ, ചതിയുടെ
കൊലയുടെ
ഭീകരവാദത്തീപ്പൊരിയല്ല;
നാടുമുടിക്കും ദുർമദമാളും
തീയുടെ ചെറു തരിയല്ല;
ദയയുടെ ഒരു തരി,
സ്നേഹത്തീപ്പൊരി,
അറിവിൻ ചെറു തരി,
മനുഷ്യത്വത്തിൻ കനലൊളി;
ചാരം മൂടിയിരുണ്ട ധരാതല-
മാകെത്തിരയുക,
കണ്ടെത്തുക നാം!
സർഗാത്മകമാം
ഉമിയിൽ താഴ്ത്തി
എരിച്ചു പടർത്തുക
ശാന്തി നിറഞ്ഞൊരു ദീപം;
സാന്ത്വന പരിമളമൊഴുകും
നന്മപ്രഭയുടെ നാളം!