Rajendran Thriveni

നീ വിളിച്ചു.
അവർ വിളി കേട്ടില്ല.
പ്രവാചകർ അവരോടു പറഞ്ഞിട്ടുണ്ട്:
നീ വെറും കഴുതയാണെന്ന്!
അതുകൊണ്ടവർക്ക് 
അവർക്ക് നിന്നോടു പുച്ഛമാണ്!

നീ ശിക്ഷയർഹിക്കുന്നു
നിന്റെ ശബ്ദം അനവസരത്തിലുയർന്നു
നിന്റെ മനസ്സ് ശാന്തമാകാൻ
നീ നീന്നെത്തന്നെ ശിക്ഷിക്കുക.

അതിന് പുതിയൊരു ചാട്ട നിർമിക്കണം!
ആഞ്ഞടിക്കുമ്പോൾ
നിന്നെ വളഞ്ഞ് തൊലിയുരിക്കുന്ന ചാട്ട!
രക്തം കൊതിക്കുന്ന ചാട്ട.
ആസക്തികളെയും അവിവേകങ്ങളെയും
അടിച്ചമർത്തുന്ന ചാട്ട!                                  

കഴുതേ...
നിന്നോടു പറഞ്ഞതല്ലേ
മിന്നുന്നതെല്ലാം പൊന്നല്ലെന്ന്.
എന്നിട്ടും
നീ മിന്നലിനു പുറകെ പോയി!
അടി കൊള്ളുക, വീണ്ടും വീണ്ടും!
രക്തം ഇറ്റിറ്റു വീഴുന്നതുവരെ!

ഈ മണ്ണിലുണങ്ങിയ രക്തപ്പാടിലെ
ബിംബകല്പനകൾ നിറഞ്ഞ് നിന്റെ കവിത പിറക്കട്ടെ,
ആൾക്കാർക്ക് പുച്ഛിച്ചു രസിക്കാൻ!
നീ അറിവിന്റ അറ്റത്തിരുന്ന്
കുമ്പസാരിക്കുന്നതാരു കേൾക്കാൻ?

വിഡ്ഢീ,
നീ കഴുതയാണ്.
ഗോപുരവാതിലിനു പിറകിൽ
പൊടിതിന്ന്, ഉണക്കിലകൾ തിന്ന്,
ദാഹിച്ചു തളരേണ്ട മണ്ടൻ കഴുത!

നീ വിളിച്ചവരിതുവഴി വരും.
അവരോടുപറയുക;
കോട്ടയ്ക്കുള്ളിലെ ദർബാർ ഹാളിൽ
സിംഹാസനത്തിനരുകിൽ
അവർക്കിരിപ്പിടമുണ്ടെന്ന്!

കഴുതകൾ ചിന്തിക്കാറില്ലല്ലോ!
വിവേകം തൊട്ടുതീണ്ടിയിട്ടില്ലല്ലോ!
അങ്ങനെയുള്ള നിന്റെ വിളികൾക്ക്
അവരെന്തിനു കാതു നല്കണം?
അല്ല, രാജഭോജനത്തിന് അവരെ
ക്ഷണിക്കാൻ നീയാര്...?

വേണമെങ്കിൽ തിരഞ്ഞു നോക്കൂ...
നിന്നെപ്പോലൊരു മണ്ടൻ                
തെല്ലകലെയുണ്ടാവും
നിനക്കു കൂട്ടുകൂടാൻ!

നീ നിർമിച്ച ചാട്ട സൂക്ഷിച്ചു വെക്കണം
ദിവസം രണ്ടടി നിനക്കാവശ്യമാണ്!
നിന്റെ പക്വത പറന്നടുക്കുന്നതുവരെ
നീ, നിന്നെത്തന്നെ തല്ലുക!

തിരിച്ചറിയുക
ഈ ചാട്ടയടിയുടെ ശീൽക്കാരത്തിനും
സംഗീതമുണ്ട്, സാന്ദ്രസാന്ത്വനമുണ്ട്.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ