ഗുഹാമനുഷ്യശീലാനുരാഗികൾ,
പൊയ്മുഖങ്ങൾ അണിഞ്ഞ നരഭോജികൾ,
മൃഗസമാനവൈകൃത ഭോഗദാഹികൾ,
മലിന സംസ്കൃതി കുടിച്ചു മത്തരായവർ,
രാജദ്രവ്യം കവർന്നു പങ്കിട്ടുനിൽപ്പവർ,
മിന്നുകെട്ടി അറുംകൊല ചെയ്യുവോർ...
നുരയ്കയാണുനിൻ മുലത്തടങ്ങളിൽ,
കനിവു വറ്റാത്ത കരൾത്തടങ്ങളിൽ.
ഇന്നിതാ നിൻ ക്ഷീണഭ്രമണത്തിന്റെ
വഴിയേ നിന്നേ പ്രദക്ഷിണം ചെയ്യവേ,
അറിയുന്നു ഞാൻ നിന്റെ അന്തരംഗത്തിലെ
പുത്രദ്രോഹത്തിൻ അസഹ്യമുറിവുകൾ...
കാളകൂടം കലർന്ന നദികളിൽ നിശ്ചലം
ജീവതരംഗവേപഥു,മൂകബന്ധിതം
മൃത്യുഞ്ജയ മന്ത്രമുരുവിട്ട നിൻ ഹരിതജിഹ്വകൾ.
ജീവതാളം പിഴച്ച ഹൃത്തടം
ചൂഴ്ന്നെടുക്കുന്ന യന്ത്രത്തൂമ്പകൾ,
നിൻ ജഡത്തേ പുതപ്പിക്കുവാൻ
കരി മ്പടത്തുന്നൽ വേലയിലാണ്ട പുകക്കുഴലുകൾ,
നിൻ ഹൃദയവേദനയിൽ തപിച്ചു ഭാനുമാൻ
ചൊരിയുമാഗ്നേയാസ്ത്ര ജാലങ്ങൾ,
ഉരുകിയൊലിക്കും ഹിമശൈല ശോഭകൾ,
പ്രളയഭീകരം പൊന്തുമലഞൊറിവുകൾ...
അടക്കുകവയ്യ, അഗ്നേയശൈലത്തിനകത്തെ-
ലാവപോൽ തിളയ്ക്കയാണു,
നിൻ ദുരന്ത ഭാവിയെ നിനച്ചുകൊണ്ടു,
നിൻ തനു അടർന്നുരുവമായ,
നിൻ ഉയിരു പേറുമീ ചന്ദ്രതാരകം.