1. കാലവേതാളം
--------------------------------
വേടന്റെ കണ്ണിൽ കുരുങ്ങുന്ന പക്ഷിക്കു -
വേതാളരൂപം പിറക്കും!
നേരിൻ ചിറകറ്റു,വീണുപിടയുമ്പോൾ
മാംസപ്പുകകാറ്റു വീശും
നാവിൽനിന്നിറ്റുവീഴും രുചിക്കൂട്ടി, ലാ -
കിളിക്കുഞ്ഞിൻ കരച്ചിൽ .
2. പ്രതീക്ഷകൾ
---------------------------
മരണംവരേക്കും പിറക്കാതെ, സ്വപ്നങ്ങൾ
മനസ്സിലൊളിഞ്ഞേ നിൽപ്പൂ
കനലായ് കത്തിത്തിമിർത്താ, കനവുകൾ
വെന്തു വെണ്ണീറായൊടുങ്ങും.
3. പ്രണയം
--------------------
മധുരമലിയും,നീലനിനവുകൾ
കരിയിൽ കുതിർന്നേ കിടപ്പൂ
അഗ്നി തിന്നുന്ന സ്വപ്നങ്ങളിൽ
മാംസമുരുകിത്തിളച്ചു
ചോരയിറ്റു, പിന്നെ നീരുവറ്റി
സ്നേഹമിറ്റിറ്റു വീണു !
4. ചതിക്കാല രാഷ്ട്രീയം
----------------------------------------------
അകലെ നീരാട്ടിന്നിറങ്ങും -
സൂര്യനാ,ചോരപ്പുഴയിൽ കുളിച്ചു !
തേങ്ങലില്ല, ദു:ഖമേളമില്ല -
രാജ്യസ്റ്റേഹത്തിൻ പെരുക്കം!