വെട്ടിയെറിഞ്ഞതു വാഴകളല്ല,
വാഴുവാൻ ഞാൻ നട്ട മോഹങ്ങളല്ലോ.
പ്രായം മറന്നു ഞാനൂട്ടിയോരെല്ലാം,
പ്രാണൻ വെടിഞ്ഞിതാ മണ്ണിൽ കിടപ്പൂ!
ഗർഭപാത്രത്തി,ന്നുൾവിളി കേൾക്കാതെ,
ഏതോ കൈകൾ ആയുധമെറിഞ്ഞു.
അരുതുകളേതുമേ ചൊന്നതില്ലാരും
അടിയന്റെ കണ്ണു തുറന്നിടുവാനായ്.
അശരീരിയെങ്ങാനും വന്നുവെങ്കിൽ ഞാൻ,
കൈകളറുത്തും മരണം തടുത്തേനേ...
ഓണവെയിലുമ്മറത്തെത്തി നിൽക്കുമ്പോൾ,
ഓമനിച്ചോരിതാ ഓർമയിൽ മാഞ്ഞു.
എന്റെ സ്വപ്നങ്ങൾ പുഴു തിന്നിടട്ടെ,
തലമുറകൾക്കൊരു പാഠമാകട്ടെ.