കാട് പിളർത്തി തൂണുകൾ നാട്ടി,
കാനനവാസികൾ ചുവടിനായലഞ്ഞു.
ചോലകൾ നിഴലായി പരിണമിച്ചു,
അരുവികളെല്ലാം കഥകളിൽ മറഞ്ഞു!
തണലുകളെല്ലാ,മറുത്തെടുത്തു,
കാശിനായെല്ലാം കവർന്നെടുത്തു.
അന്നം തേടിയിറങ്ങിയോരും
ദാഹമകറ്റാനിറങ്ങിയോരും;
ഭൂമിക്കു ഭാരമായ്ത്തീർന്നുവെന്നോ
മർത്ത്യനു ദോഷമായ്ത്തീർന്നുവെന്നോ?
സഞ്ചാരപ്പാതകൾ തടഞ്ഞു നിങ്ങൾ,
കൂട്ടരെ തമ്മിലകറ്റി നിങ്ങൾ.
വാസസ്ഥലങ്ങൾ കവർന്നു നിങ്ങൾ,
സന്തോഷമെല്ലാം കെടുത്തി നിങ്ങൾ.
കാടിനൊരു കോടതിയുണ്ടായിരുന്നാൽ,
കാടത്തമെല്ലാം മനുഷ്യൻ മറക്കും.
കാലൊന്നു കുത്തുവാനിടമില്ല ഭൂമിയിൽ,
പോകേണ്ടതെങ്ങു ഞാനീ, വേളയിൽ?