മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഗ്രീഷ്മം  പൂത്തുലഞ്ഞ നാളിനുമേൽ
പുതുനാമ്പുകൾ മിഴിപൂട്ടും വേളയിൽ
ഹൃദയവെളിച്ചത്തിൻ ഹേമാഭയിൽ
കണിക്കൊന്ന പുതുവസന്തം നെയ്തു
മേടപ്പുലരിക്കുമുമ്പേ എഴുന്നള്ളി

കാതിനു കൈനീട്ടമായ വിഷുപക്ഷിതൻ 
കാണാ മരകൊമ്പിൽനിന്നൊരു ഗാനം
കാലം തെറ്റികേട്ടയീണമൊരു വിഷാദം
നീറുന്ന നൊമ്പര മണ്ണിനു  കനകമേകി  
ആമോദമോതുന്ന ചെറു വെള്ളരികൾ
കണ്ണുതുറക്കാതെ നേരംതെറ്റിയുറങ്ങി  

പുലർവേളയിലെ  വിഷുക്കണിക്കപ്പുറം
അമ്മതൻ കണ്ണുകൾ തേടുന്ന 
കണിക്കൊന്ന പൂക്കളാവേണ്ട ഉണ്ണികൾ
കൈനീട്ടമായ് മൗനം ഭുജിച്ചിരുന്നു 

കർണ്ണികാരങ്ങൾ മായാവർണ്ണന്റെ
പാദാരവിന്ദങ്ങളിലർപ്പിച്ചപ്പോൾ
സ്വന്തമാക്കാനാവാത്ത കണിയായ്
ഓട്ടുരുളി മുകരത്തിലെ നിൻ മുഖത്തിൽ
കണ്ണുനീർ പൂവുകൾ നേദിച്ചു നിന്നു 

കണിക്കൊന്നയും കണിവെള്ളരിയും 
മയിൽപ്പീലിക്കണ്ണന്റെ കള്ളച്ചിരിയും 
നവസ്വപ്നങ്ങൾ നെയ്യും മേടപുലരിയും
മുളപൊട്ടുന്നു നേരംതെറ്റിയ നേരത്തിൽ  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ