മനുഷ്യരെന്നു ചൊല്ലുവാൻ
അറയ്ക്കണം വെറുക്കണം.
നശിച്ച നാളിതോർത്താൽ
നമ്മൾ നമ്മളിൽ മരിക്കണം.
ചോര നക്കി നാവു നീട്ടി
മരണം അലറി ഉഴറൂമി .
കണ്ണു ചൂഴ്ന്ന് നാ വറുത്ത
തുണിയുരിഞ്ഞ തെരുവുകൾ.
തീർത്തതാര് അത് ആർക്കുവേണ്ടി..
ചൊൽക ഭരണകൂടമേ.
ജയിച്ചതാര് പോരിൽ
നിൻ്റെ കുടില തന്ത്ര
നാട്യമോ.
നമ്മൾ എന്ന വാക്ക് ചീന്തി
അവനും ഇവനും ആക്കുവാൻ.
കളിച്ച ചൂതിൽ എത്രയെത്ര
കനവുകൾ പൊലിഞ്ഞു പോയി.
കാതടച്ച് കണ്ണുകെട്ടി.
വിളവ് തിന്നവേലികൾ
പൊളിക്കണം തകർക്കണം
മനുഷ്യരെന്നു ചേരുവാൻ.
നേരമില്ല നേരമില്ല
നേരമില്ലുറങ്ങുവാൻ.
ഇരുൾ തുരന്ന
കരളുകൾക്ക്
അലിവുമായി ഇറങ്ങണം.
കാട്ടു നീതി തൻ കറുത്ത
കാവലാളുകൾക്കുമേൽ
ഉറച്ച ചോടുമായി നം
കയർക്കണം ജയിക്കണം.