അന്ന്, ദൈവത്തിന്റെ സ്വന്തം
നാടെന്ന പേര് വരുന്നതിന് മുമ്പ്
കുളങ്ങളും കാവുകളും
കൃഷിയും പച്ചപ്പും വള്ളി പടർപ്പുകളും
കാടും മലനിരകളും
നദികളും നീർ തടങ്ങളും
കനിഞ്ഞനുഗ്രഹിച്ച നാട്…
നെൽകൃഷിക്കിടയിലെ കളകൾ
പോലെ അന്നും ചിലർ
പാവങ്ങളെ ചൂഷണം ചെയ്തു
തനിക്ക് മുന്നിൽ മാറിടം മറച്ചവളെ
സ്വയം ലക്ഷ്മണൻ ചമഞ്ഞ്
മാറിടം അരിഞ്ഞു വീഴ്ത്തി
പറമ്പിൽ പടർന്ന് നിന്ന
കമ്മ്യൂണിസ്ററ് പച്ചകളെക്കാൾ
വീര്യമുള്ള വിപ്ലവകാരികൾ
മൂർച്ചയുള്ള അരിവാളാൽ
ലക്ഷ്മണന്റെ തല കൊയ്തതും ചരിത്രം.
ഇന്ന്, രക്ത രൂക്ഷിത വിപ്ലവം കാടുകൾ പോലെ
അപ്രത്യക്ഷ്യമായി
വളമില്ലാതെ പടർന്ന് പിടിക്കുന്ന
കമ്മ്യൂണിസ്റ്റ് പച്ചയും അപൂർവ്വമായി.
കുളങ്ങളും നീർത്തടങ്ങളും
കോൺക്രീറ്റ് വനങ്ങളായി
ശേഷിക്കുന്നിടം മാലിന്യ കൂമ്പാരമായി
വിപ്ലവം നാവിൻ തുമ്പിലായി
മാലിന്യ കൂമ്പാരങ്ങളിൽ
പിഞ്ചു കുഞ്ഞുങ്ങൾ പോലും
ചവുട്ടി താഴ്ത്തപ്പെടുമ്പോൾ
ഉറഞ്ഞുപോയ രക്തവും
മരവിച്ച നാവുമായി ഒന്നും
അറിയാത്തവർ നാം
ദീർഘ വീക്ഷണത്തോടെയുള്ള
രാഷ്ട്ര പിതാവിന്റെ വചനം സ്മരിക്കാം
വേണ്ടാത്തത് കാണരുത്, കേൾക്കരുത്, പറയരുത്…
എങ്കിലും, നീതി ദേവതയെങ്കിലും
കണ്ണ് തുറന്നെങ്കിൽ
അസുരനിഗ്രഹത്തിനായി
ഭരണകൂടമെങ്കിലും
പാലാഴി കടഞ്ഞെങ്കിൽ..
നിറഞ്ഞ് കവിയുന്ന ലഹരി വസ്തുക്കൾ
നീലകണ്ഠൻ വിഴുങ്ങിയെങ്കിൽ..
ദൈവത്തിന്റെ സ്വന്തം നാടാണെന്ന്
വിശ്വസിക്കാം, ഉറക്കെ പറയാം..