ഓർമ്മത്തോപ്പിൽ മിന്നിപ്പെയ്തു
ചന്തം ചൂടിയൊരോമൽമഴ.
മഴയോർമ്മകളിൽ കുട്ടിക്കാലം
മനസ്സിൽ മഴവിൽക്കുട നീർത്തി.
ചിത്തം നിറയെ ഹർഷോന്മാദം
കണ്ണുകളിൽ നിറകൗതുകമായ്.
മഴയെങ്ങാനും ചാറിയണഞ്ഞാൽ
അമ്മയകത്തു തളച്ചീടും.
ഇത്തിരി മഴയിൽ മേനി നനഞ്ഞാൽ
പനിവരുമെന്നു പറഞ്ഞീടും.
മനമില്ലാമനമോടെ മെല്ലെ
അകത്തുകേറിയിരുന്നീടും.
ജാലകവാതിൽ പാതിതുറന്ന്
തിമിർത്തുപെയ്യും മഴ കാണും.
പാടവരമ്പിൽ ചാടും മാക്രി-
പ്പാട്ടിനു പതിയെ കാതോർക്കും.
പൂവാടികളിൽ കുളിച്ചു നിൽക്കും
പൂക്കളെ നോക്കി സ്മിതമേകും.
മുറ്റം ചെറുകടലായ് മാറും
തൊടികൾ ചെളിനീർചോലകളും.
മണ്ണിൽ മഴയുടെ നൃത്തച്ചുവടുകൾ
കണ്ടിട്ടങ്ങനെ നിൽക്കുമ്പോൾ,
മഴയിലിറങ്ങാൻ മദിച്ചുചാടാൻ
മനസ്സിലെ മോഹം മലകേറും.
അമ്മക്കണ്ണുകൾ വെട്ടിച്ചങ്ങനെ
പുറത്തിറങ്ങി മഴചൂടും.
പുസ്തകത്താളുകൾ കളിവഞ്ചികളായ്
മുറ്റക്കടലിൽ ചാഞ്ചാടും.
മഴയിൽ തുള്ളും മീനുകൾ കാണാൻ
തോട്ടിറമ്പിൽ പോയീടും.
നനഞ്ഞു വീട്ടിൽ എത്തുന്നേരം
അടിയുടെ ചൂടാൽ കുളിരാറും.
ശാസനയാലെ സ്നേഹം പകർന്ന്
അമ്മക്കൈകൾ തല തോർത്തും.
രാസനാദിപ്പൊടിയും നുള്ളി
നെറുകിൽ ചേർത്തുതിരുമ്മീടും.
അടുത്ത മഴയിലുമിതുപോൽ കുതിരാൻ
അന്നേരത്തും കൊതി പടരും.
ഇന്നും മഴയുടെ ശ്രുതികൾ മനസ്സിനെ
മാടിവിളിക്കും മഴനനയാൻ.
തനുവിൽ കുളിരായ് പൊഴിയും
തുള്ളികൾ മനസ്സിന്നുളിൽ തുടിതാളം.