മഴയുണ്ട് വെയിലുണ്ട് ഒഴുകുന്ന പുഴയുണ്ട്
കായൽ പരപ്പിനോളമുണ്ട്.
കരയുന്ന കുഞ്ഞിന്ന് പാലുണ്ട് പഴമുണ്ട്
കനിവാർന്നൊരമ്മതൻ കൂട്ടുമുണ്ട്.
നോട്ടിനായി പുഴമാന്തി മലകാർന്നു തരുനക്കി;
വിഷധൂമനാഗമായി വിണ്ണിൽ തുളകൾ തീർത്തു.
സൂര്യകിരണതാപത്താൽ കടലമ്മ കരകയറി;
കാട്ടുതീ കലിപൂണ്ടുറഞ്ഞുതുള്ളി.
പുഴവറ്റി കിണര്‍വറ്റി കുടിനീരും വറ്റി പിന്നെ;
ചുരത്തും മാറിടം വരണ്ടുണങ്ങി.
നാണയതുട്ടിനായ് പോറ്റമ്മയെ ഭോഗിച്ച മർത്യാ;
സർവ്വതും തെജിപ്പു നീ അധരംനനയ്ക്കുവാൻ.
പെരു വെള്ളമാണഖിലമെങ്കിലും സദാ-
ഒരു തുള്ളി പോലുമില്ലാ കുടിപ്പാൻ.
ദാഹിച്ചു കരഞ്ഞപ്പോൾ ആണ്ടിലൊരു മഴ-
വന്നതോ; വർണ്ണമഴയാണെന്നാരോ മൊഴിഞ്ഞു.
കുടിനീര് റേഷനായി വാങ്ങുവാനാളുകൾ;
കൈകൂപ്പി മിഴിവാർത്തു നിൽപ്പുസമരമായി.
ഒരിറ്റൂ ജലത്തിനായി ജനം പടകൂട്ടിയടികൂടി;
മണ്ണിൽ തലതല്ലി ചുടുചോര വാർന്നുണങ്ങി.