പൂക്കൾ ചിരിക്കും മാമലത്തണലിൽ
പൊന്നോളം തെന്നിയോടും ആറ്റുകരയിൽ
പൂമരശാഖിതൻ കവലകളൊന്നിൽ
പഞ്ജരം നെയ്തുവെച്ച വിഹംഗമേ
പെരുമഴ വേരുകളാഴ്ന്നിറങ്ങാത്ത
പൊരിവെയിൽ വള്ളികൾ പടരാത്ത
പവനത്തിരകളിൽ ആടിയുലയാത്ത
പഞ്ജരമൊന്നു നെയ്തതെങ്ങിനെ?
ആത്മപ്പശിമ മെഴുകി മെഴുകീ
ആശകളിഴ ചേർത്തു ചേർത്തു നീ
ആരോമൽക്കൂടൊന്നൊരുക്കുവാൻ
ആ മരചില്ലകൾ കൊത്തിപ്പറിച്ചോ ?
ആർദ്രപത്രങ്ങളെനുള്ളിനോവിച്ചോ
ആറും അദ്രിയും കീറിമുറിച്ചോ ?
പ്രപഞ്ചതാളമളക്കും ആകാശഗമേ
പാടിത്തരുമോ മാനവനെനിക്ക്
പച്ചിലശാഖികൾ പച്ചക്കരിയാതെ
പൊന്നണിപ്പാടങ്ങൾ നഗ്നമാക്കാതെ
പുഴയും മലയും കീറിമുറിക്കാതെ
പാരിടത്തിലൊരു കൂടുവെക്കാൻ
പ്രകൃതിതാളം ശ്രവിച്ചു രമിക്കാൻ