കായൽപ്പരപ്പിൻ ഓളം വിതുമ്പുന്നു
ചേർന്നൊന്നായി തീരുവാൻ വെമ്പുന്ന
ഇരുകരയോടും.
ഇക്കരെ നിന്ന് അക്കരെയെ മോഹിച്ചിടല്ലേ
നിങ്ങൾ ഒന്നായി ചേരുമ്പോൾ
അന്ത്യം കുറിക്കുവതെൻ പ്രാണനാകെ
എങ്ങിനെ ഞാനത് സ്വീകരിക്കും?
വറ്റാത്ത സ്നേഹത്തിൻ ഉറവ നൽകി
സംരക്ഷിച്ചിടുവതെൻ ആശ്രിതരെ
സ്വന്തത്തെ തന്നെയും ത്യജിച്ചു കൊണ്ട്
ആശ്രിത ജീവനെ കാത്തിടുന്ന
ത്യാഗോജ്ജ്വല സംസ്കാരം സ്വീകരിക്കൂ.
ജീവനിൽ ജീവനെ കാത്തിടും
ദൈവമാണത്ഭുതമെന്ന സത്യം.
ഉൾക്കൊണ്ടതാണീ പ്രകൃതി പോലും.
ചേരുവാൻ തുടിയ്ക്കുന്ന ഹൃത്തടത്തിൽ
പ്രേമത്തിൻ സഹന വിത്തുകൾ പാകി
ത്യാഗത്തിൻ വർണ്ണാഭ പരത്തൂ.
തീരത്തെ പുൽകാൻ വെമ്പുന്ന ഓളങ്ങളെ
വിസ്മരിക്കാതെ നീ വിസ്തൃതിയേകുക.
ഓളങ്ങൾ തൻ പദനിസ്വനങ്ങൾ
ഏകിടും നൈർമല്യം ആസ്വദിക്ക!
നീന്തി തുടിക്കും ജലജീവികൾ തൻ
ആനന്ദ കേളികൾ ആസ്വദിക്ക!
കായലിൽ ഓളം തീർക്കുന്ന
വീശുന്ന കാറ്റിൻ കുളിരേറ്റുവാങ്ങാം.
പൊന്തിയും താഴുമാ ജലനിരപ്പിൻ
സന്തോഷ ത്തിര തല്ലലിലലിയാം.
ഉദയാസ്തമയ നാഴികയിൽ
പൊൻപ്രഭയാവോളം ഏറ്റുവാങ്ങാം.
ചന്ദ്രിക തൻ വൈഡൂര്യ പുഞ്ചിരി
മതിവരുവോളം നുകരാം.
നിശയിൽ നിലാവ് പൊഴിക്കുന്ന
വെണ്മണി താരകളെയെണ്ണി നോക്കാം.
അങ്ങനെയങ്ങനെ തീരത്തിരുന്നാൽ കാണുമാ
കായലിൻ മായിക കാഴ്ചകൾ എത്രയെത്ര!