(Molly George)
ദുരിതക്കടലിൽ തനിച്ചാക്കി
പുഴയുടെ ആഴങ്ങൾ
തേടി പോയ പ്രിയരെയും
നോക്കി ഞാൻ കാത്തിരിപ്പൂ...
ഈ പുഴയോരത്ത് കാത്തിരിപ്പൂ ..
മനം പൊട്ടി കരയുവാനാതെ
വിങ്ങി നിൽക്കയാണെന്നുടെ ചിത്തം
നാളുകളേറെ കഴിഞ്ഞെന്നാലും..
ഇന്നലെ എന്ന പോൽഎന്നോർമ്മകൾ ...
അക്കരെ കാവിലെ കോവിലിൽ
അന്നുൽസവമേളമായി...
അനുജൻ്റെ കൈ പിടിച്ച്
ആഹ്ളാദമോടെഅമ്മയും
ചിറ്റയും മുന്നേ നടന്നു...
ചുറ്റിലും കാഴ്ചകൾ
കണ്ടു കൊണ്ട്
ആനപ്പുറത്തെന്നപോൽ
കിന്നാരം ചൊല്ലി അച്ഛൻ്റെ
തോളത്ത് ഞാനിരുന്നു...
അമ്പലം ചുറ്റും
വലം വച്ചു വന്നു...
ദേവിയെ കണ്ടു മനം കുളിർത്തു...
ആളുകൾക്കാവേശപൂരമായി
ആൽത്തറ മുറ്റത്ത് വാദ്യമേളം..
കുപ്പിവളയും, പൊട്ടും,
കൺമഷിയുമമ്മ വാങ്ങിത്തന്നു..
പീപ്പിയും കാറും ബലൂണും
അനിയൻ കുഞ്ഞിൻ്റെ
ഇഷ്ടത്തിനായ്..
പൊരികടലയും,പോപ്പ് കോണും
ഇഷ്ടം പോലെയെന്നച്ഛൻ
വാങ്ങിത്തന്നു..
ഐസ്ക്രീം തിന്നെൻ്റെ
കൊതിയും തീർത്തു.
അമ്പലദീപത്തിൽ കാന്തിയിൽ
ആദ്യമായ് കഥകളി ഞാനും കണ്ടു,
എല്ലാം കണ്ടു കഴിഞ്ഞപ്പോൾ
രാത്രിയേറെ വൈകിയന്ന്...
തിരികെ വരുന്നേരം വള്ളത്തിൽ
നിറയെ ആളുകളേറെയായി
ഇത്രയും പേര് വയ്യ പോലും..
വള്ളക്കാരനന്ന് പറഞ്ഞിരുന്നു.
ആഞ്ഞു തുഴഞ്ഞു മറുകര തേടി..
പുഴയുടെ മധ്യത്തിൽ വള്ളമെത്തി
വള്ളത്തിലധികം ആളുകളും.
ഓളത്തിൽ ആടിയുലഞ്ഞ നേരം..
മോളേയെന്നച്ഛൻ്റെ വിളിയിന്നും
എൻ കാതിൽ ഉറക്കെ മുഴങ്ങീടുന്നു..
ഒരു പിൻവിളിയ്ക്കാൻ
ഞാൻ കാത്തിരിപ്പൂ..
പുഴയുടെ ആഴങ്ങൾ
തേടി പോയ പ്രിയരെയും നോക്കി
ഞാൻ കാത്തിരിപ്പൂ..