നീലാംബരത്തിൽ ശാരദേന്ദുവിന്നും
നിദ്രാവിഹീനനായ് മിഴിതുറന്നു.
നീലനിശീഥിനി പുൽകിയുണർത്തി,
താരാപഥങ്ങളിൽ താരകങ്ങൾ.
മൃദുമന്ദഹാസമായ് വെണ്ണിലാവും
തഴുകിയൊഴുകുന്നു വിണ്ണിലെങ്ങും.
അനുരാഗമൂറും നിന്നന്തരംഗത്തിൽ
അനവദ്യ സൂനമായ് ഞാൻ വിടർന്നു.
അനുധാവനം ചെയ്ത നിമിഷങ്ങളിൽ,
അനുസ്യൂതമായ് നീയെന്നരികിലെത്തി.
പാതിവിടർന്ന നിൻ മിഴികളിലെന്തേ
പരിഭവത്തിൻ നീർത്തുള്ളികൾ?
പാതിരാവേറെ കഴിഞ്ഞുപോയി
പനിമതി മെല്ലെയകന്നിടുന്നു.
തളിരിളം മേനിയിൽ തഴുകിടാം ഞാൻ,
കുളിരുന്നയോർമ്മയിൽ സല്ലപിക്കാം.
പരിഭവം മറന്നു നീയെന്നരികിൽ വരൂ
നിൻ ഹൃദയകവാടം തുറന്നുതരൂ.