രാച്ചില്ലയിൽ ഇരുളുറ്റി വീഴുന്നേരം
പിൻനിഴലായെത്തുമെന്നമ്മ മാനസം
മൂവന്തി ദൂരത്തു രാവിനെ കാത്തിരിക്കും
തുളസിത്തറയിലെ അന്തിത്തിരിയിൽ
ഓമനപ്പൂവിന്റെ നാമം നിറച്ചുവെച്ചു
മിഴിയോടും ദൂരത്തു മനം പാകിയമ്മ
ഉണ്ണാവൃതം നോറ്റു കലഹിച്ചാനാളിൽ
കുഞ്ഞികൈകളിൽ കരിവളയണിയിച്ചു
മൗനമഴ നനഞ്ഞകന്നുനിന്നാനാളിൽ
കുഞ്ഞധരങ്ങളിൽ ഉമ്മകൾ വിരിഞ്ഞൂ
മാഞ്ചാടിമണമുള്ള വെള്ളിച്ചിറകിൽ
ആരുമറിയാത്ത നോവിന്റെ ഒളിയകം
ഇടറിയാളുന്ന നെഞ്ചിലെ ശ്വാസത്തിൽ
കഥചൊല്ലിയുറക്കിയ രാരീരമീണമുണ്ട്
പ്രാണൻ തുടികൊട്ടിയ നാഭിച്ചുഴിയിൽ
പിണഞ്ഞേറിയ മധുവള്ളിപ്പാടുകളുണ്ട്
ഹൃത്തിലൊതുങ്ങാത്ത മിഴിമഴയിൽ
ഇമയൊട്ടാതെയമ്മ മൂവന്തി ദൂരത്തുണ്ട്