അവർ,
അകലങ്ങളിൽ ഇരുന്ന്
അടുത്ത
സുഹൃത്തുക്കൾ
ആകുകയായിരുന്നു....
ഫേസ്ബുക് പോസ്റ്റുകളുടെ
സമാനതകളിൽ പൊട്ടിവിരിഞ്ഞ
ആകസ്മികതയുടെ
അമ്പരപ്പുകളിൽ
വിരൽത്തുമ്പുകളിൽനിന്നും
ഊർന്നു വീണ ലൈക്കുകൾ....
ഫേസ്ബുക് ഫ്രണ്ട്‌സ്!
ഒരിക്കൽ പോലും
പരസ്പരം കാണാതെ
പരസ്പരം പ്രണയിച്ചവർ....
സൗദാമിനിയും ശിവഗംഗയും....
മറ്റൊരാകസ്മികതയിൽ
ശിവഗംഗ മരണപ്പെട്ടപ്പോൾ,
അവളുടെ ഭർത്താവ്
ഫേസ്ബുക്കിൽ കുറിച്ചു;
'ശിവഗംഗ മരിച്ചു....
കൊല്ലപ്പെട്ടു
എന്നാണു പറയേണ്ടത്.
ഇന്നലെ,
ഷോപ്പിംഗ് മാളിൽ വച്ച്
പടികൾ ഇറങ്ങിക്കൊണ്ടിരുന്ന അവളെ,
ഒരു രാക്ഷസ സ്ത്രീ ;
അവരുടെ അശ്രദ്ധ കൊണ്ട്
തള്ളിയിട്ടു കൊന്നു!'
സൗദാമിനി കരഞ്ഞു ;
'എന്റെ പ്രിയകൂട്ടുകാരീ,
നിന്നെ ഞാൻ
തിരിച്ചറിയാതെ പോയല്ലോ...'