ഷൈലാ ബാബു
ആത്മാഭിമാനം
കത്തിയെരി-
ഞ്ഞൊരുപിടി ചാരമായ്
ശേഷിപ്പതെന്നുള്ളിൽ!
ജനിമൃതികൾക്കിടയി-
ലൊരു മാത്രപോലുമേ,
ഉണർന്നില്ലയെന്നിലെ
ചേതനാ വൈഭവം!
ഏതോ കരാംഗുലീ-
ച്ചരടിന്റെയറ്റത്തു
പാറുന്ന പട്ടമായ്
തീർന്നിരുന്നെൻ ജന്മം!
പാരതന്ത്ര്യത്തിൻ
മാളികക്കൂട്ടിലെൻ
അസ്തിത്വ വേരുക-
ളുണങ്ങിക്കരിയുന്നു!
മഞ്ഞായ് മരവിച്ച
മനതാരിൻ ദർപ്പണം,
നിന്ദയായ് മാറ്റുന്നെൻ
പുഞ്ചിരി മൊട്ടുകൾ!
വിധിയുടെ മാറിലെ
കളിപ്പാട്ടമായി ഞാ-
നീ ജന്മവീഥിയിൽ
പായുന്നൊരശ്വമായ്!
വികല ശ്രുതി രാഗ-
മലയടിച്ചുയർന്നൊരു
മൺകൂരയായെൻ
മുക വിപഞ്ചിക!
ചങ്ങലപ്പൂട്ടിട്ടു
കൊളുത്തി വലിക്കുന്ന,
പാദങ്ങളെന്നിനി
മുക്തി നേടീടുമോ?
മൃത്യുവിൻ തല്പത്തി-
ണയാൻ വിതുമ്പുന്ന,
നൊമ്പരക്കുയിലിന്റെ
വിലാപഗീതങ്ങളായ്!
ആതങ്ക മാനസം
പ്രിയനെ തിരയുന്നു
വിരഹിണിയായിന്നു
തേങ്ങിത്തളരുന്നു!
മാലിനീ തടങ്ങളാം
മാരന്റെ മാറിലെ,
രാഗ നദിയിലൂ-
ടൊഴുകിയലിഞ്ഞിടാൻ;
തങ്കരഥത്തിലേറി-
യെന്നാശകൾ;
മായക്കിനാവിൻ
തുഷാരബിന്ദുക്കളായ്.