എനിക്ക് നിനോട് പ്രണയമായിരുന്നു
വഴിപിറക്കാത്ത കാട്ടിൽ
കല്ല്യാണസൗഗന്ധികം തേടിയിറങ്ങിയവനെപ്പോൽ.
പാരിജാതത്തിനായി ദേവലോകം
പുൽകിയവനെപ്പോൽ.
എനിക്ക് നിനോട് പ്രണയമായിരുന്നു
എങ്കിലും
കൽപനികതയുടെ കൽക്കണ്ടത്തുണ്ടുകൾ വിതറിയ
കഥയിലെ രാജകുമാരനയിരുന്നില്ല.
ജീവിതമെത്തിപിടിക്കാൻ മുണ്ടുമുറിക്കി കുത്തിയ കർഷകനായിരുന്നു.
കൂലിയും കുശവനുമായിരുന്നു.
നിൻ കരംഗ്രഹിക്കാൻ എനിക്കാവുമായിരുന്നില്ല.
എന്റെ കൈകളിൽ വിശപ്പിന്റെ -
കറപുരണ്ടിരുന്നു.
ചുമലിൽ കഴിഞ്ഞകാലത്തിൻ്റെ
വിഴുപ്പുഭാണ്ഡം പേറിയിരുന്നു.
എങ്കിലും എനിക്ക് നിനോട് പ്രണയമായിരുന്നു.
നിസ്വാർത്ഥമായ പ്രണയം
മൗനംകൊണ്ടഴുതിയ പ്രണയം .
ഇനിയും വാക്കുകൾ മാനം നൽകാത്ത പ്രണയം .
ഒരുനാൾ …..
രക്തം വറ്റിയ ഹൃദയത്തിൽ നിന്നെയും ചേർത്തുകൊണ്ട്
ഞാനി മണ്ണിൽ മറയും…
മറുനാൾ…..
ഒരു കല്ല്യാണസൗഗന്ധികമായി-
ഞാൻ ഉണരും…
പ്രണയ കുസുമങ്ങൾ തേടിയെത്തുന്ന
ഒരായിരം കുമാരൻമാർക്കു
എൻ്റെ ഹൃദയത്തിൽ വിരിഞ്ഞ
കല്ല്യാണസൗഗന്ധികംനൽകും
അതിലുടെ എൻ പ്രണയംതേടും…