ഒരിടത്തുന്ന് പറിച്ചെടുത്ത് മറ്റൊരിടത്തോട്ട് മാറ്റിനട്ടു.
മണ്ണും വിണ്ണും മാറി.
അന്നോളം കൊണ്ട വെയിലും മഴയും അന്നേവരെ കിട്ടിയ തണലും മാറി.
വേരുകൾ പുതുമണ്ണിലുറയ്ക്കാൻ മടിച്ചു നിന്നപ്പോഴും
വാട്ടവും കോട്ടവും തട്ടിക്കാതൊരാൾ കൂട്ടുനിന്നു.
സ്വയം വേരുറയ്ക്കും വരെ താങ്ങി നിർത്തി.
തലയുയർത്തി വിണ്ണിൽ നോക്കി
ഇനിയും എത്രയുയരത്തിലായ് വളരുവാനുണ്ടെന്ന് ഓർമ്മിപ്പിച്ചു.
കൺനിറയെ സ്വപ്‌നങ്ങൾ തന്നു.
തളിർകൊണ്ട മണ്ണിന്റെ മണം മാറി.
കുളിർ തന്ന വിണ്ണിന്റെ നിറം മാറി.
വെയിൽ മാറി, മഴ മാറി
മാറ്റങ്ങൾക്കിടയിലും മാറാതെ നിന്നത് എന്റെ ചുറ്റിലും നീ തീർത്ത തണൽ മാത്രം.
അന്ന് അവർ തന്ന അതേ തണൽ,
അത്രമേൽ മാറാത്ത അതേ കരുതൽ.