പുലരിയിലനുസ്യൂതം
തുടരുമീ മഴസംഗീതത്തിന്‍
നനുനനുത്ത കുളിരില്‍,
പഴമയുടെ മിഴികളിലോര്‍മ്മകളുടെ
നിഴല്‍ന്യത്തം.
മുറികളില്‍ നിറയുന്ന
നിരവധി ശബ്ദങ്ങളില്‍
അപശ്രുതികളില്‍
ഇടകലര്‍ന്നിടയിലിടയിലതു മുറിയുന്നു.
ഒരു ടെലിവിഷന്‍ കാഹളമുയരുന്നു.
തെരുവിലൂടെ പായുന്ന വണ്ടികള്‍.
ഒരു മൊബൈലില്‍ രോദനധ്വനി
ഉയര്‍ന്ന ആവ്യത്തിയില്‍
ഉച്ചസ്ഥായിയിലെത്തി ചിതറിവീഴുന്നു.
തലകുനിക്കും ഭിക്ഷു കണക്കെയാ
മാവില്‍ നിന്നുതിരുന്ന മാമ്പഴങ്ങള്‍.
വേലിയിറമ്പില്‍ ചിരി തൂകി
വിടരുന്ന വര്‍ണ്ണപുഷ്പങ്ങള്‍.
ഇടവഴികളില്‍ സൗഹ്യദത്തിന്‍
ഇരുചുമലുകള്‍ ചേര്‍ന്നൊരു
കുടക്കീഴിലെ മഴനടത്തം.
നിലവിളക്കിന്‍ പ്രഭയില്‍
തേച്ചു മിനുക്കിയൊരോട്ടുകിണ്ടി. നിറകതിര്‍പൂത്തിരികള്‍
പ്രഭ ചൊരിഞ്ഞ പൂമുഖങ്ങള്‍.
മെഴുകിയ മുറ്റത്തരിമാവിലണിഞ്ഞു
തിളങ്ങും മാവേലിപ്പെരുമ.
ഒരു പിടി തുമ്പപ്പൂക്കളുടെ വെണ്‍മയിലേക്കോടിയെത്തുന്ന ചാറ്റല്‍മഴ.
ഇടയിലുദിക്കും വിളറിയ മഞ്ഞവെയില്‍
നിരയായ് വര്‍ണ്ണ പൂക്കളങ്ങള്‍
കിളിപ്പാട്ടിന്നാരവം.
അതിഥികളാഹ്ളാദം പങ്കിടും
ഇരവുകള്‍ പകലുകള്‍
ഉത്സവമേളങ്ങള്‍.
ഒടുവിലീ പകലുകളുടെ
ജോലിഭാരത്താല്‍
തളര്‍ന്നു നീളുമുച്ചമയക്കങ്ങള്‍.
പ്രക്യതിയുടെപറയെടുപ്പിന്‍ ദിനങ്ങള്‍
ഓര്‍മ്മകളിലകലുന്ന
ആനച്ചങ്ങലക്കിലുക്കം
ഒരു തിരശ്ശീല പോല്‍
ഭൂവിനും മാനത്തിനുമിടയില്‍
കുളിര്‍കാറ്റിലീ മഴയാടിത്തിമിര്‍ക്കുന്നു.
ജാലകപ്പടിയിയിലുമ്മറത്തിണ്ണയിലും
മഴത്തുള്ളികള്‍,കയറിയിറങ്ങുന്നു.
വയല്‍പ്പരപ്പിന്നതിരിലെ ശൂന്യതക്കും
അപ്പുറമേതോ പാളങ്ങളില്‍
ഒരു തീവണ്ടിയുടെ ഇരമ്പത്തിന്‍ താളക്രമലയമകന്നു പോകുന്നു.
പെരുമഴ പെയ്ത് തോര്‍ന്ന നിശ്ശബ്ദതയില്‍
ഒരു പിടി ഒാര്‍മ്മകള്‍ തെളിയുന്നു
പിന്നിട്ട വഴിത്താരകള്‍.
മനസ്സില്‍ ,ആരവങ്ങളൊഴിഞ്ഞ
ഉത്സവപ്പിറ്റേന്നുകളായ്
ഓണപ്പഴമയുടെ
കഥാ ചിത്രങ്ങളായ് മിന്നിമറയുന്നു.