എരിയുന്ന നെയ്ത്തിരി നാളമായ്...
തീരുമെന്നകതാരിലെന്നുമീ രത്നശോഭ.
അകലെയെന്നാർക്കുമീ,
ജപമാലകൾ മെല്ലെ;
അരികിലുണരുമെൻ നെഞ്ചകത്തിൽ.
ഉയിരുകൊടുത്തും ഉണരുന്ന ജിവനിൽ,
ഉന്മാദമായ് നിന്നന്തരംഗം.
ഉഷസ്സിലും പ്രത്യുഷ പഞ്ചമിയെന്നു ഞാൻ,
അറിയുന്നതെത്രയോ കാലമായി.
അറിവിന്നിരുൾത്തിരി നാളമായ് മാറിയെൻ,
ആത്മാവിലേകിയ ശരശയ്യകൾ.
അതിലോലമെൻ മനസ്സിൻ്റെ താളം,
അനശ്വരമാക്കുന്നതാർക്കുവേണ്ടി.
ആലംബമില്ലാത്ത ആശ്രിതർക്കായ് മന്നിൽ,
ആരോ വരയ്ക്കുന്ന ചിത്രങ്ങളും.
അനുസ്യൂതമകലുന്ന ആത്മവിശ്വാസങ്ങളിൽ,
അറിയാതെ നമ്മൾ ചരിച്ചിടുന്നു.
അറിയണമെന്നുമെന്നാത്മതന്ത്രിയിൽ നിന്നും
ഞാനറിയാതെ ഹോമിച്ച സുവർണകാലം.