മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആടിക്കാറുമാഞ്ഞെത്തിയ ചിങ്ങനിലാവ്
വെള്ളിനിലാപ്പന്തലിട്ടാവണിത്തറയിൽ
തുമ്പയും തെച്ചിയും  കണ്ണാന്തളിപ്പൂവും
ഓർമ്മച്ചിത്രാംബരം മൂടി ചിത്താങ്കണം 

മഞ്ഞനീരാളം പുതച്ച നീരണിപ്പാടത്ത്
ആവണിത്തുമ്പിയെമിഴിവാർത്തിരിക്കും
കുഞ്ഞരിപ്പൂക്കളെ നുള്ളിയിറുക്കാത്ത  
കുഞ്ഞു മനസ്സിന്റെ നിറമല്ലോ ഓണം 

ആവണിപ്പിറപ്പിന്നാമോദം വിളിച്ചോതി
ചക്കരമാവിൻ കൊമ്പിലെ ഊഞ്ഞാൽ
നാക്കിലത്തുമ്പു  നിറച്ച  സമൃദ്ധിയായി
ഒരുമയും പഴമയും ഒന്നിച്ചോണമായി  

തുമ്പിപ്പാട്ടിൽ തുള്ളിയുറഞ്ഞുമങ്കമാർ
ആർപ്പുവിളിച്ചാടി തോലുമാടൻ
ഓട്ടുമണികിലുക്കിയാടി ഓണേശ്വരൻ
ഉജ്ജ്വല പൂർവ്വിക സങ്കല്പമല്ലോ ഓണം 

ഉത്രാട രാത്തിങ്കൾ ചായം മെഴുകിയ
കിനാവിൻ പൂന്തോണി  തുഴഞ്ഞവൾ
പ്രാണനിൽ  പ്രണയപ്പൂക്കൾ വിതറിയ
ഓർമ്മനിലാവിൻ തിരുവരവല്ലോ ഓണം 

കാലം കരിയിലമൂടിയ പൂത്തറയിന്നും
ആരോമൽപ്പൂക്കളെ  കാത്തിരിക്കുന്നു
കാലം മെഴുകിയ മാനസപ്പൂത്തറയിൽ
പൂർവ്വസ്‌മൃതിതന്നുറവയായ് ഓണം  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ