(Rajendran Thriveni)
കരിഞ്ഞുണങ്ങിയ മേടക്കൊമ്പിൽ,
തളിരു മറന്നൊരു
ആശക്കൊമ്പിൽ;
ഒരുപിടി കൊന്ന-
പ്പൂക്കൾ നിറച്ചു
മനമൊരു പഴകിയ
സ്വപ്നം കണ്ടു!
ഒരുപൊൻ കണിയുടെ കാഴ്ച
ഒരു കൈനീട്ടത്തുട്ടിൻ കാഴ്ച,
മാമ്പഴമുതിരും മേടക്കാറ്റിനു
ലഹരി പിടിച്ചു പറക്കും കാഴ്ച!
കൊന്നകൾ വെട്ടിയ
തോട്ടങ്ങളിലും
വെള്ളിരി വിളയും
വയലേലയിലും;
കാറ്റുമറന്നൊരു
താഴ്വാരത്തും
ഉണ്ടൊരു കണിയുടെ
മങ്ങിയ ദൃശ്യം!
ദൃശ്യവിരുന്നു നിറച്ചു വിളമ്പി
ദൂരക്കാഴ്ചപ്പെട്ടികൾ പാടി,
ഒത്തിരിയൊത്തിരി സങ്കല്പങ്ങൾ
കൂട്ടിവിളക്കിയ വിഷുസംഗീതം!
പലവുരുയെണ്ണിയ കൈനീട്ടങ്ങൾ
നാവിലലിഞ്ഞൊരു മധുരക്കൂട്ടുകൾ;
തകർത്തു മുറുകിയ ഉത്സവമേളം,
വിഷുവൊരു മായികസ്വപ്നം!