കണക്ക് വെച്ചിരുന്നില്ലല്ലോ ഒന്നിനും
രാവേറെ പനിച്ചൂടിന്
കൂട്ടിരുന്നപ്പോഴും,
സ്നേഹം ആവോളം ചാലിച്ച്
ചോറൂട്ടുമ്പോഴും,
നീണ്ട വഴിയിലേക്ക്
കണ്ണുംനട്ട് കാത്തിരുന്ന്
പുറം കഴച്ചപ്പോഴും,
ഒന്നും വൈകിയാൽ
ആധിപിടിച്ചങ്ങോട്ടുമിങ്ങോട്ടും
നടന്നപ്പോഴും,
അങ്ങനെ ഒരിക്കലുമൊരിക്കലും
കണക്കു വെച്ചില്ലല്ലോ ഒന്നിനും.
ഇപ്പോൾ മാസാദ്യത്തിലൊരുപിടി
പച്ചനോട്ടിൻറെ കണക്കു പറഞ്ഞ്
മിടുക്കനായി അവൻ പടിയിറങ്ങുമ്പോൾ
പിന്നെയുമെൻതൊക്കെയോ
ബാക്കിയുണ്ടല്ലോ...
കണക്കു വെച്ചില്ലല്ലോ ഞാനൊന്നിനും.