അങ്ങനെയിരിക്കെ
കൊച്ചു നടുത്തളത്തില്‍
നാളുകളുടെ കാത്തിരിപ്പിനു ശേഷം
ഒരു വമ്പന്‍ ഊണുമേശയെത്തി.
പുതിയ കുടുംബാംഗത്തെ പ്പോലെ
സഹര്‍ഷം വരവേല്പും സ്വീകരണവുമുണ്ടായിരുന്നു.
ഒന്നാന്തരം നിലമ്പൂര്‍ തേക്കില്‍
പിറന്ന ഉന്നതകുലജാതനെന്ന്
എല്ലാവരും മാറിമാറി പുകഴ്ത്തി.
അഭിമാനിച്ചു.
നിലത്ത് ചമ്രം പടിഞ്ഞിരുന്നവരും
ആവണപ്പലകയിഷ്ടപ്പെട്ടവരും
നിന്നും നടന്നും പല നേരത്തും ആഹാരം
കഴിക്കുന്നവരും
ശീലങ്ങള്‍ മാറ്റിവച്ച് ,
ഉല്‍ഘാടനദിവസം, പൊക്കമുള്ള സിംഹാസനക്കസേരകളിലേക്ക്
ആവേശപൂര്‍വ്വം
ചാടിക്കയറിയിരുന്നു.
ഒരുമിച്ച് രാജകീയമായി അത്താഴമുണ്ടു.
വിമാനത്താവളത്തിന്‍ടെ റണ്‍വേ
പോലെ നീളമുള്ള, ഊണ്‍മേശയ്ക്ക്
ചുറ്റുമിരുന്ന്,വിശേഷങ്ങള്‍ പങ്കു വച്ചു.
ഉറക്കെ പൊട്ടിച്ചിരിച്ചു.
പണ്ടേ തോന്നേണ്ട ബുദ്ധിയെന്ന്
സ്വകാര്യമായി പ്പറഞ്ഞു.
ഉത്സവപ്രതീതിയുയര്‍ത്തി
വട്ടമേശസമ്മേളനങ്ങള്‍
പലതും കടന്നുപോയി.
ഒരു ദിനമൊരു ഇരിപ്പിടമൊഴിഞ്ഞു കിടക്കുന്നു.
അമ്മയെക്കാണുന്നില്ല.
വിശപ്പില്ല.മറ്റുള്ളവരൂടെയെല്ലാം
ഭക്ഷണശേഷമാകാമെന്നാണ് ന്യായം.
ഇതിനിടയില്‍ അടുക്കളമൂലയിലേക്ക്
മാറ്റപ്പെട്ട, നിറം മങ്ങിയ
പഴയ ബെഞ്ചും ഡസ്കും
ഇത് കേട്ടൊന്നു ചിരിച്ചു.
മൂന്നാം പക്കം മുത്തശ്ശിയില്ല
നാമവും ജപിച്ച് അത്താഴമുണ്ട്,
പതിവ് ചിട്ടകള്‍ തെറ്റിച്ചെന്നഖിന്നത മാറാതെ കിടന്നുറങ്ങി.
പിന്നീട് അമ്മയ്ക് പിന്തുണ പ്രഖ്യാപിച്ച്
ചേച്ചിയും,ടെലിവിഷനു മുന്‍പിലേക്ക്
കുട്ടികളും അപ്രത്യക്ഷരായി.
സ്ഥലം മിനക്കെടുത്താന്‍ മാത്രമെന്നോണം
അലങ്കാരമായി ഒഴിഞ്ഞുകിടക്കുന്ന ഘടാഘടിയന്‍ മേശ
കാണുന്നതേ അച്ഛന് വെറുപ്പായി.
ഗത്യന്തരമില്ലാതെ ചേട്ടന്‍
ഭ്രഷ്ട് കല്പിക്കപ്പെട്ട
പഴയസാധനങ്ങള്‍ കൂട്ടിയിടുന്ന മുറിയിലേക്ക് വളരെ പ്രയാസപ്പെട്ടതിനെ
വലിച്ചു കൊണ്ടുപോയി.
ഊണുമേശയിപ്പൊള്‍
നിരന്നും ചെരിഞ്ഞും കമിഴ്ന്നുമിരിക്കുന്ന
പഴയ ചിരവയും ചൂലും സ്കൂള്‍ബാഗുകളും പത്രങ്ങളും
പുസ്തകങ്ങളും മരുന്നുകുപ്പികളും
അതിലേറെ പൊടിയും ചിലന്തിവലയുമായി,
ഒരു ചായക്കപ്പിനുള്ള സ്ഥലം പോലും
അവശേഷിപ്പിക്കാതെ
കാണികളില്ലാത്ത
ഒരു എക്സിബിഷന്‍ ടേബിളാണ്.
കസേരകള്‍ എല്ലാം ഒന്നിനു മുകളിലൊന്നായി
ഉയരമേറിയ ഒരു കാവല്‍ഭടനായി
കൂടെത്തന്നെയുണ്ട് .