(Ramachandran Nair)
ചിന്നിയുടയുന്ന ചിന്തകളിലെന്നും നിൻ
ചാരുമന്ദഹാസം വിരിയുന്നൊരാ മുഖം
ചന്ദനമണമിയലും കുളിർകാറ്റുപോൽ;
ചാമരം വീശിടുന്നെൻ ഹൃദയസാനുവിൽ!
അമ്പലമുറ്റത്തു ശ്രീകോവിൽ നടയിൽ,
ആളൊഴിഞ്ഞൊരാ പുലർകാലവേളയിൽ;
അർച്ചനക്കെടുത്തൊരാ തുളസിക്കതിർ,
അന്നുനിൻ ചുരുൾമുടിയിൽ ചൂടിച്ചതും...
മനസ്സിൽ മൊട്ടിട്ട സ്വപ്നങ്ങളൊക്കെയും
മൗനമായി നമ്മൾ പങ്കുവച്ചതും
മധുരിക്കും വർണ്ണങ്ങൾ നൽകിയതിനെ;
മതിവരുവോളമാസ്വദിച്ചതും...
ഓർക്കാതിരിക്കാനാവില്ലെനിയ്ക്ക്,നമ്മൾ
ഓടിക്കളിച്ചു നടന്നൊരാ വസന്തകാലം
ഓർമ്മവച്ച നാൾമുതൽ നീയെൻ മനസ്സിൽ;
ഒരാമ്പൽപ്പൂവായി പരിലസിച്ചൊരാദിനങ്ങൾ.
ഒരു മായപോലെൻ മനസ്സിൽ നീയെന്നും
ഓർമ്മിക്കാനൊരു നിമിഷം വന്നുപോയി;
ഓർക്കാതിരിക്കാൻ പറ്റുകില്ലൊരിക്കലും
ഒരുപിടി മധുരിക്കും സ്വപ്‌നങ്ങൾ തന്ന നിന്നെ