ആദ്യാക്ഷരങ്ങൾ കുറിക്കുമീ വേളയിൽ
പാവനമാകുമീ പുണ്യപ്രഭാതത്തിൽ,
കിനാവിന്റെ ജാലകവാതിൽപ്പുറകിൽ
നിന്നാരാന്റെ തെറ്റുകൾ കാണാൻ ശ്രമിപ്പോരേ;
തെറ്റു തേടാനുള്ള ദാഹമല്ലെൻ കണ്ണിൽ,
ശരികളെമാത്രം തിരയുന്നു കണ്ണുകൾ!
മൂന്നു ഗുണങ്ങളും ചേരുമീ ലോകത്തു
തെറ്റും ശരികളും ചേർന്നതീ ജീവിതം!
അന്യന്റെ തെറ്റങ്ങുയർത്തിപ്പിടിക്കുവാൻ
വ്യഗ്രതകാട്ടുന്ന കാപട്യലോകമേ,
എങ്ങുമെവിടെയും ആരും തിരഞ്ഞില്ല,
കണ്ടില്ല, കേട്ടില്ല ഏറെ ശരികളേ!
എന്നുമീ തെറ്റിനെ പുച്ഛിച്ചു നിന്ദിച്ചു
തീരെ തരം താഴ്ത്തി നിർത്തുവതെന്തിനോ?
നൂറിലൊന്നാണൊരു തെറ്റെന്നിരിക്കിലും
തെറ്റാണു ഭൂലോകമൊട്ടാകെന്നപോൽ,
തെറ്റിന്റെ കോലമുയർത്തിപ്പിടിച്ചിട്ടു-
നീളെ മുഴക്കുന്ന വാക്ധോരണികളാൽ,
കാതടപ്പിക്കുന്ന ലോകത്തിലെങ്ങനെ
മാനവാധികാര ലക്ഷ്യം കിളിർത്തിടും?
തെറ്റു പുകഴ്ത്തിപ്പറയുന്നതല്ല ഞാൻ
തെറ്റു പ്രതിഷ്ഠിച്ചു പൂജിക്കയല്ല ഞാൻ;
തെറ്റു തിരയുന്ന പൊയ്മുഖക്കണ്ണട
ഊരിപ്പിടിച്ചിട്ടു നേരിനെ നോക്കുവാൻ,
കാൽക്ഷണം നേരിൻ മുഖംനോക്കി നില്ക്കുവാൻ
സർഗസൗന്ദര്യത്തെ കൈകൂപ്പി വാഴ്ത്തുവാൻ;
സർവ്വസാഹോദര്യ സ്നേഹം തുളുമ്പുന്ന
ഒരുനല്ല വാക്കിന്റെ മന്ത്രണം കേൾക്കുവാൻ,
ചുറ്റും ശരികളെക്കാണാൻ കഴിയുന്ന
കണ്ണുതുറക്കുവാൻ പ്രാർഥിക്കയാണു ഞാൻ!
ഏറെത്തിരഞ്ഞു പിടിച്ചൊരാത്തെറ്റുകൾ
കൂട്ടിപ്പണിതീർത്ത രാജസൗധങ്ങളിൽ,
സപ്രമഞ്ചത്തിൽ വീണുമരിക്കുമ്പോൾ
ശാപവചനങ്ങളോർത്തു മരിക്കണോ?