mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Sumesh Parlikkad

അറിവിൻ നിലാവേ, കനിയണമെന്നിൽ,
ധനുർവിദ്യയേകിയെ,ന്നുള്ളം തെളിക്കൂ. 

ഉലകിലെങ്ങും കേൾപ്പൂ ഞാൻ നിത്യം,
നിന്നുടെ സാമർഥ്യഗീതികകൾ. 

ദ്രോണർതൻ കാൽക്കലൊരിളംപൂവുപോൽ,
നിഷാദകുമാരനാ,മവനിരുന്നു. 

"ആരു നീ ബാലകാ,യിന്നെൻ മുന്നിൽ,
യാചനാഗാനം മൂളുന്നുവോ?" 

തന്നിലേക്കെത്തിയതാം ചോദ്യമൊന്നിനു,
മറുപടിയോതുവാ,നവനൊരുങ്ങി. 

"നിഷാദകുമാരനാമെന്നുടെ നാമം,
ഏകലവ്യനെന്നാണു ഭവാൻ." 

കുലമൊന്നെടുത്തുപറഞ്ഞൊരു നേരം,
ഗുരുവോ വാക്ക് മറന്നുപോയി.  

മൗനം മുറിക്കുവാൻ നേരമെടുത്തു,
വിസ്സമതം ചൊല്ലുവാൻ നാവുമുയർത്തി. 

"മകനേ മടങ്ങുക, അറിയുകയെൻ മനം,
വിദ്യ പകർന്നിടാൻ സാധ്യമല്ലറിയുക. 

രാജകുമാരന്മാരോടൊത്തു നിന്നെയും
വിദ്യയിന്നൂട്ടുവാൻ സാധ്യമല്ലറിയുക. 

രാജവചസ്സുകൾ വിസ്മരിച്ചീടുകിൽ,
രാജാവിൻ കോപം തൻമേൽ പതിക്കും." 

മോഹങ്ങളെല്ലാമടർന്നിട്ടുപോലും
ഗുരുഭക്തി തെല്ലുമകന്നതില്ല. 

അമിതമാം ഭക്തി ഉള്ളിൽ നിറയവേ,
കാൺമതിലെല്ലാം ഗുരുമുഖം മാത്രമായ്! 

കളിമണ്ണുകൊണ്ടവൻ തീർത്തു തൻ ഗുരുരൂപം,
ജീവൻ തുടിക്കും പ്രതിമ കണക്കെ.

പ്രാർഥനാഹാരങ്ങൾ നിത്യമണിയിച്ച-
വനും വിദ്യ സ്വയമറിഞ്ഞു. 

അജ്ഞാതമാമേതോ ശക്തിയൊന്ന്,
പാഠങ്ങൾ ചൊല്ലിക്കൊടുത്തു നിത്യം.

ധ്യാനനിരതനായവനു,മൊരു ദിനം,
ഏകനായ് സമയം ചിലവഴിക്കെ; 

ദൂരെ നിന്നേതോ ശ്വാനൻതൻ ശബ്ദം,
ഏകാന്തതയുടെ അതിരു മുറിച്ചു. 

നിനാദം കേട്ടൊരാ ദിക്കിനെയുന്നമായ്,
നിഷാദകുമാരൻ ശരങ്ങളുതിർത്തു.

തെറ്റാതെ പാഞ്ഞ ശരങ്ങളാലെ,
ഏകാന്തത പതിയെ വീണ്ടെടുത്തു.

നായാട്ടിനെത്തിയ അർജുനൻ തന്നുടെ,
ശ്വാനന്റെ ഗതിയിൽ അമ്പരന്നു!

തന്നോളം പോന്നവനാരുമില്ലെന്നു,
ഗുരു,വന്നോതിയതു വ്യർഥമായി.

നിരാശകൾ മൂടിയ മനമോടെ അർജുനൻ,
ഗുരുവിൻ സമക്ഷം ചോദ്യമെറിഞ്ഞു.

കേമനാം ശിഷ്യൻ തളർന്നതുകണ്ടു,
ഗുരുവിൻ മനമൊന്നാടിയുലഞ്ഞു.

ദ്രോണരോടൊത്തു തൻ പുത്രനും ശിഷ്യനും
പ്രതിഭയെത്തേടി കാട്ടിലലഞ്ഞു.

ഗുരുവിൻ പദസ്വനം കേട്ടൊരു മാത്രയിൽ,
ഏകലവ്യൻ തൻ ധ്യാനം വെടിഞ്ഞു.

ഗുരുവിൻ ചൊല്ലിൽ ആഹ്ളാദചിത്തനായ്,
സിദ്ധികളൊന്നായ് കാഴ്ചവച്ചു. 

ഭീതിയു,മഭിമാനവുമൊരുപോലെ,
ഗുരുവിൻ മനസ്സിൽ ഉടലെടുത്തു.

വലതുപെരുവിരൽ ദക്ഷിണയായ്,
നൽകുവാൻ ഗുരുനാഥനവനോടു ചൊന്നു!

ഭക്തിയാലുള്ളം നിറഞ്ഞൊരുവൻ,
പെരുവിരലറുത്തു തൻ ഗുരുവിനു നൽകി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ