(Rajendran Thriveni)
തീകത്തിയെരിയുന്ന
വീടിന്റെ മുറികളിൽ,
തറമാന്തി നോക്കട്ടെൻ
നിധിവെച്ച കുംഭങ്ങൾ!
എവിടെന്റെയുറ്റവർ,
എവിടെന്റുടയവർ,
എവിടെന്റെ സ്വപ്നങ്ങൾ
തളിരിട്ട മേടുകൾ?
എവിടെന്റെ ഭാഗ്യത്തിൻ
നിധികാക്കും ഭൂതങ്ങൾ,
എവിടാണാ ഭൂതങ്ങൾ
കണികാണും കുംഭങ്ങൾ?
ധമനികളിൽ തിളയാർന്ന
രക്തത്തിൽ വേവിച്ച
ജീവന്റെ വിലയാണാ
നിധികുംഭത്തുട്ടുകൾ!
അവകത്തിപ്പോയിട്ടെൻ
കരിപൂണ്ട ജീവിതം
കണികണ്ടു ഞെട്ടുവാ-
നിവിടെ ജീവിക്കണോ?
തറതന്റെയാഴത്തിൽ
സ്വന്തസംസ്കാരത്തിന്റെ,
ധനമെന്ന വേരുകൾ
ചാരമായ്ത്തീരണോ?