വിഷാദം വിരൂപമായ്
മനം വിട്ടു മഥിയ്ക്കുന്നു
കാലമേ നിൻ ഗദ്ഗദങ്ങൾ
ചങ്കിനുള്ളിൽ കിതയ്ക്കുന്നു.
രാവുറങ്ങാൻ നേരമായി
പകലുവീണ്ടും ചോദ്യമായി
തിരയൊതുങ്ങാ കടലുപോലെ
കദനമെങ്ങും ബാക്കിയായി.
പൂനിലാവിൻ പുടവഞൊറിയിൽ
കരിനിഴൽപ്പാടതിരു തീർത്തു
വിജനമേതോ പാതയോരം
പാഴ്ക്കിനാവ് തേങ്ങിയോ?
അകലെ ഏതോ കുടിലിനുള്ളിൽ
കരളുരുക്കം തേങ്ങലായി
അരികിലെന്റെ മരച്ചോട്ടിൽ
മൃതദലങ്ങൾ മാത്രമായി.
എന്റെ പൂവിൻ ഗന്ധമേറ്റാൻ
ഒഴുകിവന്ന തെന്നലേ
ഊർന്നു വീണ കണ്ണുനീരിൻ
ഈറനിൽ നീ മാഞ്ഞുവോ?
തേഞ്ഞുതീർന്ന പനിമതിക്കായ്
വെറുതെ എന്തേ മലകെട്ടി
ചിറകുവീണ ശലഭമായ് ഞാൻ
നിദ്രതേടി യാത്രയായ്.