കാടും മലകളും തോടും പുഴകളും
കാറ്റിന്റെ മന്ദ്ര മധുരസംഗീതവും
താരാപഥങ്ങളും താമര പൊയ്കയും
തത്തിപ്പറക്കുന്ന കൊച്ചു കിളികളും
അർക്കന്റെയാദ്യ കിരണമേറ്റുള്ള താം
പുൽക്കൊടിത്തുമ്പിൻ മൃദുമന്ദഹാസവും
അന്തിമാനത്തു തെളിയുന്ന തിങ്കളും
ചന്തമോ ലുന്ന കുളിർനിലാവും...
പഞ്ചമം പാടും കുയിൽ നാദവും പിഞ്ചു-
കുഞ്ഞിന്റെ സുസ്മേരചാരുതയും
വാത്സല്യമേറെ വഴിയുമൊരമ്മ തൻ
വാക്കിൻകരുതലും മാധുര്യവും
നല്ല തരുലതാ പല്ലവമേളിതം
നന്ദനോദ്യാന മിതെത്ര രമ്യം!
എന്റെയീ ഭാവന കാണാൻ കൊതിക്കുന്ന
ദൈവ നാടിന്റെ മനോഹാരിത ....
ഏതു ദേശങ്ങളിലാണെങ്കിലും മന-
മോർമയിലോമനിക്കുന്ന ചിത്രം
മായ്ക്കാൻ മറക്കുവാനാവില്ലൊരിക്കലും
മാൺ പെഴുമീ മലയാള നാടിൻ
തേൻ തുളുമ്പുന്നൊരീ ഭാഷയെ -
യമ്മയെപ്പോലോമനിച്ചൊരു കൈരളിയെ!