(Madhavan K)

വിളക്കേന്തി
വരുന്നുണ്ടോർമ്മ,
യെൻ നോവിൻ
നിഴലാ-
യാടിക്കളി-
ക്കുവാൻ.

മിഴി തുറന്നാലു-
മടച്ചാലുമെന്ത്!
മനോ-
മുകുരത്തിൽ,
മയൂരനൃത്തം!

നിറമറിയാത്ത,യെ-
ന്നിൻ്റെ
നനവിൽ,
നിറവുള്ള
കഴിഞ്ഞ
കാലത്തിൻ
ചൂര്.

അടു-
ക്കളച്ചുവരിലേ-
ക്കുയരുന്ന
കരിപ്പുക, പ്രാണൻ
കോർക്കും, നിഴലന-
ക്കങ്ങൾ.

കരഞ്ഞിട്ടും
കൂസാത്തൊ,രൂത്താം
കുഴൽ,
കരിഞ്ഞ ചുമ, പിന്നെ
നിലയ്ക്കാത്ത
ഭീതി.

എരിഞ്ഞട-
ങ്ങാത്ത,
തീ-
ക്കാഴ്ചകൾ
ചുറ്റിലും.
നിഴലനക്കം
പോലു,മന്യമാ-
യെന്നോ!

"നീ
നിൻ
നിഴൽ നോക്കി
നടക്കാതെടാ, മക്രോണി."
അടുക്കള-
ച്ചുവരിലൊരൊച്ച
പോലെ,
മടുക്കാത്ത-
ശബ്ദവും.

നിശ്ശബ്ദത-
യെരിഞ്ഞു
തീരുന്നു,
കാതോര-
മണയുന്നു
കാണാൻ
കൊതിയോടെ,
കേൾക്കാൻ
കൊതിച്ചിട്ടു
തൊട്ടു നോക്കട്ടേ-
യെന്നെൻ,
വിരൽ പൂതി.
അയ്യയ്യേ,
മതിഭ്രമമെന്നു
ബുദ്ധി.

രുചിയില്ലാ-
നോവിനാൽ,
ചുണ്ടി,ലുരുളു-
ന്നുണ്ടുപ്പുരസം.
തറ, പറ, പന
നിലയില്ലാ-
തക്ഷരങ്ങൾ
കുറിപ്പിച്ചു
പുതയുന്ന
സ്നേഹം.
പതിയെ
ശകാരം.
വിരൽ
ചേർത്ത
സുഖസ്പർശം,
വിളക്കാത്ത
ലോഹം.

മൊഴിയുള്ള
മിഴിയിൽ,
നോവിൻ്റെ
ശാന്തത,
മൊരിയുന്ന
ദോശ,
ചൂടുള്ള
സാമ്പാർ.
ചൂടേറും
ചോറ്റുപാത്രം,
ചൂടാറാ
സ്നേഹം.

മുറ്റത്തെ
ചെപ്പിന്ന-
ടപ്പില്ല,യതു
കിണറല്ല.
അടപ്പില്ലാ
ചെപ്പുകൾ
വേറെ-
യൊന്നില്ലന്നേ.

നിഴലന-
ക്കങ്ങൾ
തീരില്ല,യിരുട്ടാണു
തീരുന്നേ.
തെളിച്ച-
മില്ലാത്ത,
വെളിച്ചമാ,
പകൽ.
നമുക്കു
നമ്മെ
നോക്കാൻ,
സമയ-
മനുവദിക്കാത്ത
പകൽ.
സ്വയം
കാണിക്കാൻ
സമയം തരു-
ന്നൊരിരവ്.

ഇരുട്ടിൽ
ഞാൻ
തനിച്ചല്ല,
തനിച്ചിരി-
ക്കാനിരുട്ടു
വേണ്ട.
രാവൊരു
സാമ്രാജ്യം,
മോഹ-
സാമ്രാജ്യം

ഇവിടെ
ഞാനൊറ്റ-
യ്ക്കല്ല,
ഒറ്റയ്ക്കാ-
കാ,നറിയില്ല.
തിരിഞ്ഞു
നോക്കുമ്പോൾ,
മിഴിവുള്ള-
തില്ലൊന്നും,
നിറകണ്ണിലെല്ലാം
നിഴൽ പോലെ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ