(ഷൈലാ ബാബു)
മദനോത്സവങ്ങൾക്കു
വേദിയൊരുക്കുന്നു;
ചെന്നായമനമുള്ള
പകൽമാന്യരായവർ!
പെണ്ണിന്നുടലിൽ
മദിച്ചു പുളയുന്നു;
കാമവെറിയന്മാ-
രിരുളിൻ മറവിലായ്!
അനുരാഗമഴയിലെ
പുഞ്ചിരിപ്പൂക്കളാൽ
ചുംബനമെറിഞ്ഞവ-
നിരകളെ വീഴ്ത്തുന്നു!
ചതിയറിയാതെത്ര
പെൺപൂക്കളനുദിനം
ഉന്മാദ മനസ്സുകൾ-
ക്കുല്ലാസമേകുന്നു!
വിരുന്നായ് വിളമ്പുന്നു=
ചങ്ങാതിമാർക്കെല്ലാം
നൈവേദ്യം പോലവർ
രുചിച്ചു രസിക്കുന്നു!
സോദര സ്നേഹം
തീണ്ടിടാ തെല്ലുമേ,
കശക്കിയെറിയുന്നു
സൗരഭ്യമലരിനെ!
അമൃതകുംഭം വറ്റി
ശ്വാസം നിലയ്ക്കവേ,
കരിവണ്ടുകൾ ദൂരെ
പറന്നു മറയുന്നു!
വാദിയെ പ്രതിയാക്കും
നാടകക്കളരിയിൽ;
അന്യായവിധിക്കായ്
ചരടുകൾ വലിക്കുന്നു!
നീതി നിഷേധിക്കുമിന്നീ-
യുലകത്തിലെന്തിനായ്
മാറ്റുന്നു, വ്യർത്ഥമാ-
യൊരു ദിനം.