(Neelakantan Mahadevan)
ധീരരാം പോരാളികൾ പടുത്തുയർത്തിയ
വീരദേശമാണല്ലോ ചരിത്രത്തിലെന്നും
മർത്ത്യഹൃദയങ്ങൾ മഥിച്ചുരചിച്ചതാ -
മുത്തമകൃതികൾതൻ വിളനിലം റഷ്യാ!
പാവങ്ങൾതന്നുന്നമനത്തിന്നായിപ്പലർ
ജീവത്യാഗംചെയ്ത പുനിതഭൂമിയല്ലോ
ലോകം മുഴുവനുറ്റുനോക്കിയ വിപ്ളവം
സാകല്യമാക്കിയതാം ശ്രേഷ്ഠരാജ്യം റഷ്യാ!
സാമ്രാജ്യത്വഭീകരതകൾക്കെതിരായി
കർമ്മനിരതരായിപ്പൊരുതിയതല്ലേ
വിശ്വതൊഴിലാളിവർഗ്ഗഹൃദന്തങ്ങളിൽ
മരുവുന്ന ദിവ്യചേതനയാണു റഷ്യാ!
ഏതുപ്രതിസന്ധിയുമൈക്യശക്തികൊണ്ടു
നിർദ്ദയം തകർത്തെറിഞ്ഞ ധീരയോദ്ധാവേ
യുദ്ധമിന്നിൻതീരാശാപമാണെന്നറിയണം
ചത്തുവീഴുംമർത്യർക്കു കണക്കേതുമുണ്ടോ?
ഓരോയുദ്ധത്തിന്നനന്തരഫലമായി
ആരൊക്കെയോ ജീവൻവെടിയുന്നുണ്ടു നിത്യം
ബാക്കിയാകുന്നു ഗേഹങ്ങളിലസംഖ്യം ദൗർ -
ഭാഗ്യരാം ജീവച്ഛവങ്ങളാരറിയുന്നു !
മാനവികതതൻ പറുദീസയാം രാജ്യം
മാനവർക്കു കാലനൂരായിത്തീർന്നിടാമോ
വേണ്ടിനി രണമേതുസാഹചര്യത്തിലും
വേണ്ടതു സൗഹൃദംമാത്രമെന്നറിഞ്ഞാലും!