അന്തരാത്മാവിനുള്ളിൽ കുഴിച്ചിട്ട
തപ്തനിശ്വാസങ്ങളെത്രയെണ്ണി
രാപ്പാതി തന്നിലുമീറൻമിഴികളാൽ
ചിമ്മിത്തുറന്നു തിരഞ്ഞു നിന്നെ
ചാരമായിന്നെന്റെ തങ്കക്കിനാവുക
ളാകവേ കത്തിയെരിഞ്ഞമർന്നു
ദിശമാറി മാരുതി വീശിപ്പടരവേ
ആളുന്ന മുകുളമായഗ്നികായം
പൊള്ളിയടരുന്ന മാരന്റെ നെഞ്ചകം
തലയിണയാക്കി ഞാനെത്ര രാവി
ധൂമപടലങ്ങളായാകാശസീമയിൽ
ഇരുളിൻ വലയം മെനഞ്ഞിതല്ലോ!
ചിതയ്ക്കുള്ളിലമർന്ന മോഹശലഭങ്ങ-
ളകതാരിൻ നീറ്റലായറിയുന്നു തോഴനേ
ഇറ്റിറ്റു വീഴുന്ന ചുടു കണ്ണുനീരിനു
മാവില്ല പൊന്നേ, യീതാപമകറ്റിടാൻ
കാലരഥമിന്നു കലിതുള്ളിയുരുളുന്നു
ഭൂതകാലത്തിന്റെ വാതിലുമടയുന്നു
പ്രേതാലയങ്ങളായ് മാനസസരസ്സുക
ളാടിത്തകർക്കുന്നട്ടഹാസങ്ങളിൽ
പുഞ്ചിരിമൊട്ടുകളാകെ കൊഴി
ഞ്ഞിന്നാമയപ്പട്ടിലായ് മൂടി ഞാനും
വലവിരിച്ചെത്തിയ കാട്ടാള വിധിയി-
ലൂടെത്തിയീ ദുഃഖക്കൊടുമുടിയിൽ!
കാലപ്രവാഹത്തിലുരുകിയൊലിക്കണം
വിരഹിണി രാധപോൽ നിസ്സംഗയായി!
ഇനിവരും ജന്മത്തിലൊന്നായിത്തീരുവാ-
നർത്ഥനയാക്കുന്നീ ശേഷിച്ച ജീവിതം!