ഞാൻ ചില മനുഷ്യരെ കണ്ടിട്ടുണ്ട്
ചില നേരങ്ങളിൽ അവർ
ചിലരുടെ അടുത്തേക്കു വരും
അപരിചിതത്വത്തിന്റെ മേലങ്കി അഴിച്ചു വെച്ച്
ഒരേ മരത്തണലിൽ അൽപ നേരമിരിക്കും
വാക്കുകൾ കൊണ്ട്
നനഞ്ഞൊരു കുഞ്ഞുടുപ്പു തുന്നും
ഒരു നോട്ടം കൊണ്ട്
നിങ്ങളുടെ തോളെല്ലുകൾ ബലപ്പെടുത്തും
ഒരു സ്പർശം കൊണ്ട്
നെഞ്ചിലെ ഇരുട്ടിൽ
നക്ഷത്രങ്ങളുടെ വെളിച്ചം ഒട്ടിച്ചു വെക്കും
അവർ ഓർമകൾ കൊണ്ട്
നിങ്ങളെ ശ്വാസം മുട്ടിക്കില്ല
ദിക്കറിയാത്ത നിങ്ങളുടെ നൌകയ്ക്ക്
സൈദ്ധാന്തികതയുടെ വ്യർത്ഥ തീരമാവില്ല
കാഴ്ച വറ്റുന്ന നിങ്ങളുടെ കൃഷ്ണമണികളെ
അവർ മൌനം കൊണ്ട്
ജ്ഞാനസ്നാനം ചെയ്യിക്കും
അവർ നിങ്ങളുടെ ആരുമായിരിക്കില്ല
എന്നിട്ടും
വഴി തീരുന്ന ജീവിതത്തിന്റെ മുനമ്പിൽ
അവർ നിങ്ങൾക്ക് ഉപാധികളില്ലാത്ത
പ്രണയമോ സൌഹൃദമോ തരും
ഒരു സ്വപ്നത്തിനു ശേഷം നിങ്ങളെ
ജീവിതത്തിലേക്ക് തിരിച്ചു വെച്ച്
അവർ വീണ്ടും അപരിചിതരാവും.