സുദീര്‍ഘമായ പാലം കടക്കുന്ന കിതപ്പില്‍
നിഴലുകളെ പുഴയില്‍
ഉപേക്ഷിക്കുന്ന തീവണ്ടി.
ചെണ്ടുമല്ലിയും പിച്ചകവും
സുര്യകാന്തിയും വിരിയുന്ന
പൂപ്പാടങ്ങളിലെ സുഗന്ധത്തില്‍
മുളകുപാടങ്ങളിലെ എരിവ്, ചേര്‍ത്ത്
കാറ്റാടികള്‍ക്കു ചുറ്റും വട്ടം കറങ്ങി
കരിമ്പനകളെ തഴുകി
ഗ്രാമചന്തകളിലെ സന്ധ്യയിലേക്ക്
വഴികാട്ടിയായി
ഒാടിമറയുന്ന കാറ്റ്.
മങ്ങിത്തുടങ്ങിയ കോലങ്ങളെഴുതിയ
ചെറുമുറ്റങ്ങള്‍.
ചതുരക്കളങ്ങളായ്
കാവിയും വെളുപ്പു മണിഞ്ഞ
മതിലുകള്‍ക്കപ്പുറം ചെറുകോവിലുകള്‍.
യാത്ര തുടരുന്നു .
ചേരചോളമന്നന്‍മാരുടെ തേരുരുണ്ട
രാജവീഥികളില്‍
മെര്‍ക്കുറി വിളക്കുകള്‍ തെളിയുന്നു.
ഇടത്തെരുവുകളിലെ
എണ്ണമറ്റ സത്രങ്ങള്‍ക്ക് മുന്‍പിലൂടെ
ഒഴുകുന്ന വാഹനവ്യൂഹങ്ങള്‍.
കാളവണ്ടികളുടെ ചലനത്തിലെ,താളക്രമത്തില്‍
ഇടവിട്ട് ,മൊപ്പെഡുകളുടെ ഗതിവേഗത്തില്‍
മുല്ലപ്പൂക്കളും ,ജമന്തിയും
പഴങ്ങളും പച്ചക്കറിയും
കടുത്ത വര്‍ണ്ണച്ചേലകളും
നിറയുന്ന ക്ഷേത്രതെരുവുകളില്‍
നിലയ്ക്കാത്ത ആരവങ്ങള്‍.
ശില്‍പ്പചാതുര്യത്തിന്‍ പ്രൌഢിയില്‍
വിരിയുന്ന മഹാക്ഷേത്രത്തിന്‍
പ്രദക്ഷിണവഴികളില്‍
ആര്യവേപ്പിന്‍ടെയും വാകയുടെയും
പുളിമരങ്ങളുടെയും തണല്‍ തണുപ്പില്‍
നാമജപത്തിന്‍ അലയൊലികള്‍.
തമിഴ് ശീലുകളുടെ ഈണങ്ങള്‍
തീര്‍ത്ഥസ്നാനത്തിന്‍ പുണ്യം.
രാമേശ്വരപ്പെരുമയോതി
തീരത്തോടടുക്കുന്ന
കടല്‍ത്തിരകളുടെ. മഹാദേവനെ
വണങ്ങിയുള്ള മടക്കയാത്രകള്‍
അകലെ ചെറുബിന്ദുവായ്
മായുന്ന അസ്തമയ സൂര്യപ്രഭയില്‍
ധനുഷ്കോടി,ഒാര്‍മ്മയിലെ
മങ്ങിയ ഒരു ദുഃഖചിത്രമായ് മാറുന്നു.